മരണവും ജനനവും
ലോകത്തിലെ പ്രബലമായ മതങ്ങളിൽ ഒന്നാണ് ബുദ്ധമതം . 563 BCE -യിൽ നേപ്പാളിലിലെ ലുംബിനിയിൽ മഹാരാജാവ് ശുദ്ധോധനത്തെയും ,യശോധരയുടേയും മകനായി ഒരു വൈശാഖി പൂർണിമയിലായിരുന്നു ബുദ്ധന്റെ ജനനം . ശാക്യവംശത്തിൽ ജനിച്ചതുകൊണ്ടു ശാക്യമുനിയെന്നും ,തഥാഗതൻ എന്നും അറിയപ്പെടുന്നു ..ബോധോധയ പ്രാപ്തിക്കുശേഷം അദ്ദേഹം തന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ഏകദേശം 483 BCE -യിൽ ഖുശിനഗറിൽവച്ച് മഹാപരിനിർവാണം പ്രാപിക്കുകയും ചെയ്തു . ബുദ്ധന്റെ കാലശേഷം തത്വ ശാസ്ത്രങ്ങൾ സന്യാസിമാരിലൂടെയും രാജാക്കന്മാരിലൂടെയും സീമകൾ ലംഘിച്ചു ജൈത്രയാത്ര തുടർന്നുകൊണ്ടിരുന്നു. ബുദ്ധ ദർശനങ്ങൾ വലിയതോതിൽ എഴുതപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ബുദ്ധന്റെ ദർശനങ്ങൾ പ്രതിപാദിക്കുന്ന ഒരുപാടു ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ് . ത്രിപിടകങ്ങൾ , ലളിതവിസ്താരസൂത്രം , ദിവ്യാവദാന , ബുദ്ധചരിതം , മിലിന്ദപഞ്ജ ( മിലിന്ദപ്രശ്ന ) എന്നിവയനാണ് അതിൽ പ്രധാനം.
ബുദ്ധദര്ശനങ്ങൾ പ്രതിപാതിപാദിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ് "മിലിന്ദപഞ്ജ". ഒന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്നുകരുതുന്ന ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം ഗ്രീക്ക് രാജാവായ മിനാഡറും(മിലിന്ദ) ബുദ്ധ സന്യാസിയായ നാഗസേനയും തമ്മിലുള്ള സംഭാഷണമാണ്. മിനൻഡരുടെ 304 ചോദ്യങ്ങളും, അവക്കുള്ള നാഗസേനയുടെ ഉത്തരങ്ങളുമാണ് ഇതിൽ വിവരിക്കുന്നത് . നീതിമാനായ മിലാൻഡർ പണ്ഡിതനും ,വാഗ്മിയും ,ബുദ്ധിമാനുമായിരുന്നു . അശോകന്റെ കാലശേഷം ഭാരതത്തെ ആക്രമിച്ച രാജാക്കന്മാരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം . തന്റെ ചെറിയ പ്രദേശത്തെ വികസിപ്പിച്ചു സൗരാഷ്ട്രവരെ അദ്ദേഹം എത്തിച്ചു . പുതിയ പ്രദേശങ്ങളിൽ ബുദ്ധധർമമായിരുന്നു നിലനിന്നത് . ബുദ്ധധർമ്മ തത്വശാസ്ത്രങ്ങളെല്ലാം വശത്താക്കിയ ഇദ്ദേഹം അറിയപ്പെടുന്ന പണ്ഡിതന്മാരെയെല്ലാം വാദപ്രതിവാദത്തിൽ തോൽപ്പിച്ചു, തന്നെ വാദത്തിൽ തോൽപ്പിക്കാൻ ആരെങ്കിലും ഉണ്ടോയെന്ന് വെല്ലുവിളിച്ചപ്പ്പോൾ ബോധോദയം സിദ്ധിച്ച നാഗസേന എന്ന ഭിക്ഷു ആ വെല്ലുവിളി ഏറ്റെടുത്തു. അവർ തമ്മിൽ നടന്ന വാദപ്രതിവാദങ്ങളും നാഗസേനയുടെ സന്ദർഭോചിതവും , ഉദാഹരണസഹിതമുള്ള ഉത്തരങ്ങളും ബുദ്ധമതത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുന്നതാണ്. അതിലെ പ്രസക്തമായ ഒരു ചോദ്യവും ഉത്തരവും ഇങ്ങനെയാണ് :-
രാജാവ് ചോദിച്ചു : 'ഒരാൾ ജനിച്ചെന്നാൽ അയാൾ അയാളായി തുടരുമോ വേറൊരാളായിത്തീരുമോ ?
'അയാളായിതുടരുകയുമില്ല, മറ്റൊരാളായി തീരുകയുമില്ല '
ഒരുദാഹരണം പറയണം .
'അല്ലയോ രാജൻ നിങ്ങൾ ഒരിക്കൽ ചെറിയ ശിശുവായിരുന്നു , അതാണോ വളർച്ചയെത്തിയ ഈ അവസ്ഥയിൽ ?'
'അല്ല ,ശിശുവൊന്നു ,ഞാൻ വേറൊന്നു.'
'നിങ്ങൾ ശിശുവല്ലെന്നു പറഞ്ഞാൽ നിങ്ങൾക്ക് മാതാപിതാക്കളും ഗുരുവും ഇല്ലെന്നു വരും. മഹാരാജാവേ , ഭ്രൂണത്തിന്റെ ആദ്യത്തെ ,രണ്ടാമത്തെ ,മൂന്നാമത്തെ ,നാലാമത്തെ ഘട്ടങ്ങളിൽ 'അമ്മ വേറെ വേറെ ആണോ ? വളർച്ച പ്രാപിച്ച പുരുഷന്റെ അമ്മയും ശിശുവിന്റെ അമ്മയും രണ്ടാണോ ? പള്ളിക്കൂടത്തിൽ പോകുന്ന കുട്ടിയും വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടിയും വേറെയാണോ ? കുറ്റം ചെയ്യുന്നവനും കയ്യും കാലും ഛേദിക്കപ്പെട്ടു ശിക്ഷ വാങ്ങുന്നവനും വേറെയാണോ ?
'തീർച്ചയായും അല്ല . അതേപ്പറ്റി അങ്ങ് എന്ത് പറയുന്നു ?
ഭിക്ഷു തുടർന്നു : ഞാൻ പറയുന്നു ഞാൻ ഒരേയൊരാൾ തന്നെ, ഞാൻ ശിശുവായിരുന്നപ്പോഴത്തെ അവസ്ഥയിൽ നിന്നും ഘട്ടം ഘട്ടമായി ഈ ശരീരം ഈ അവസ്ഥയിലെത്തിയതാണ് '.
'ഒരുദാഹരണം തരിക .'
ഒരാൾ വിളക്ക് കത്തിച്ചാൽ അത് രാത്രിമുഴുവൻ എരിഞ്ഞുകൊണ്ടിരിക്കുമോ?
'ഉവ്വ് ,ആകാം .'
ആദ്യത്തെ യാമത്തിലെ ജ്വാലയാണോ ,രണ്ടാമത്തെ യാമത്തിൽ ?
'അല്ല '.
രണ്ടാമത്തെ യാമത്തിലെയാണോ മൂന്നാം യാമത്തിൽ ?
'അല്ല .'
'അപ്പോൾ ആദ്യത്തെ യാമത്തിലും , രണ്ടാമത്തെ യാമത്തിലും , മൂന്നാമത്തെ യാമത്തിലും മൂന്ന് വിളക്കുകളാണോ ?
'അല്ല , ഒരേ വിളക്കിൽനിന്നാണ് വെളിച്ചം വരുന്നത് .'
'അതുപോലെയാണ് ഒരു വ്യക്തിയുടെയും വസ്തുവിന്റെയും അനുസ്യൂതത്വവും നിലനിൽക്കുന്നത്. ഒന്ന് പോകുന്നു , വേറൊന്നു വരുന്നു , ഇപ്രകാരമാണ് പുനർജന്മവും യൗഗപദികമാണ്. ഒരേ നിമിഷം രണ്ടും ഒന്നിച്ചു സംഭവിക്കുന്നതാണ്. അങ്ങനെ ഒരു മനുഷ്യൻ തന്റെ അവസാന നിമിഷത്തിൽ അത് തന്നെയുമല്ല , അന്യവുമല്ലയെന്നവസ്ഥയിൽ തുടർന്നു നിഷ്ക്രമിക്കുന്നു. (ഒരാൾ ഒരു നിമിഷത്തിൽ എന്ത് ബോധത്തിൽ ഇരിക്കുന്നുവോ അതാണ് അയാൾ .എന്നാൽ ഈ അകത്തുകയെപ്പറ്റിയുള്ള അവബോധം നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്, അതായതു മരിക്കുമ്പോൾ , ആ നിമിഷം ആ നിമിഷം അയാൾ ജനിച്ചപ്പോൾ ആയിരുന്നതിനെയപേക്ഷിച്ചു വളരെ വ്യത്യസ്ത വ്യക്തിയാണ് ;ഒരർത്ഥത്തിൽ ആദ്യത്തെ വ്യക്തിയല്ലെന്നുതന്നെ പറയാം. പക്ഷെ അനുസ്യൂതത്വമുള്ളതിനാൽ ആ ശരീരം തന്നെ . ഈ ഉപമയിൽ വിളക്കിനെ ശരീരത്തോടും ജ്വാലയെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ആത്മാവബോധത്തോടും താരതമ്യപ്പെടുത്തിയിരിക്കുന്നു. )
'ഒരുദാഹരണംകൂടി തരിക '
'അത് പാലുപോലെ ,പശുവിൽനിന്നെടുക്കുമ്പോൾ പാൽ,അൽപ സമയം കഴിഞ്ഞു തൈര് ,പിന്നീട് വെണ്ണ നെയ്യായി മാറുന്നു. പാലും ,തൈരും ,വെണ്ണയും, നെയ്യും ഒന്നാണെന്ന് പറഞ്ഞാൽ ശരിയായിരിക്കുമോ ?
'തീർച്ചയായും ശരിയല്ല ,അവ ഒന്നിൽനിന്നുണ്ടായതാണ്'.
'അതുപോലെതന്നെയാണ് രാജാവേ, ഒരു വ്യക്തിയുടെ അനുസ്യൂതത നിലനിൽക്കുന്നത്.
ഒന്ന് മരിക്കുന്നു , വേറൊന്നു ജനിക്കുന്നു , പുനർജ്ജന്മം അതേ നിമിഷം തന്നെയാണ് സംഭവിക്കുന്നത് 'അതല്ല എന്നാൽ മറ്റൊന്നുമല്ല എന്ന അവസ്ഥയിലാണ് ഒരു മനുഷ്യൻ തന്റെ അവസാന നിമിഷത്തിലെ ആത്മാവബോധത്തിൽ നിലകൊള്ളുന്നത് '.
Reference: Milindapanha -R.N. Pilla
Comments
Post a Comment