Unexplored India !!! - Bhimbetka caves

Celebration of life 



                               മനുഷ്യരാശിയുടെ ചരിത്രത്തിൽ മനുഷ്യൻ ഏറ്റവും സന്തോഷകരമായി ജീവിച്ചിരുന്ന കാലഘട്ടം ഏതായിരിക്കും? തേരോട്ടങ്ങളും യുദ്ധങ്ങളുമില്ലാതെ, ജോലിയെക്കുറിച്ചും ശമ്പളവര്ധനവിനെക്കുറിച്ചും ആശങ്കകളില്ലാതെ, വൈറസുകളെയും രോഗങ്ങളെയും ഭയക്കാതെ അന്നന്നത്തെ ആഹാരത്തെക്കുറിച്ചും പ്രതിബന്ധങ്ങളെകുറിച്ചും മാത്രം ചിന്തിച്ചു ആഘോഷമാക്കിയ ജീവിതങ്ങൾ ഏതുകാലത്തായിരിക്കും ഉണ്ടാകുക ? തീർച്ചയായും അത് ആധുനിക മനുഷ്യന്റേതായിരിക്കില്ല .കാര്ഷികവിപ്ലവത്തിനു മുൻപുള്ള ആധുനിക പിന്ഗാമികളിൽ മിക്കവരെക്കാളും കൂടുതൽ വിശാലവും ആഴമേറിയതും വൈവിധ്യവുമുള്ളതുമായ അറിവുള്ള ജീവിതത്തെ ആഘോഷമാക്കിയ പുരാതന മനുഷ്യനെക്കുറിച്ചു ഹരാരേ തൻറെ പുസ്തകമായ സാപിയൻസിൽ പറയുന്നുണ്ട് . ആ കാലഘട്ടത്തിലെ ശേഷിപ്പുകളിലേക്കുള്ള യാത്ര നമുക്ക് അറിവും അദ്‌ഭുതവുമുളവാക്കുന്നതാണ് . ഇന്ത്യയിൽ ആദിമ മനുഷ്യന്റെ ആവാസകേന്ദ്രങ്ങൾ ഒരുപാടുണ്ടെങ്കിലും അതിൽ ഏറ്റവും പ്രത്യേകതകളുള്ളതാണ് "ഭീംബേദ്ക്ക ഗുഹകൾ". ആദിമ മനുഷ്യന്റെ കൊട്ടാരം എന്നുതന്നെ വിശേഷിപ്പിക്കാം. ടോണി ജോസഫ് “Early Indians” എന്നകൃതിയിൽ ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്

“ഇന്ത്യയിലെ ആദ്യത്തെ ആധുനിക മനുഷ്യരുടെ ജീവിതം കഴിയുന്നത്ര അടുത്തുകാണണമെന്നു നിങ്ങൾക്ക് ആഗ്രഹമുണ്ടോ ? അതിനു ഏറ്റവും യോജിച്ച സ്ഥലങ്ങളിലൊന്ന് മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഏകദേശം നാല്പത്തഞ്ചു കിലോമീറ്റർ അകലെ റായ്‌സൺ ജില്ലയിലുള്ള ഭീംബേദ്ക്കയാണ് . ഏഴു മലകളിലായി പരന്നുകിടക്കുന്ന അതിമനോഹരമായ ഒരു ഭൂവിഭാഗമാണിത്; തലയെടുപ്പിലും ഗാംഭീര്യത്തിലും ഇരുപത്തൊന്നാംനൂറ്റാണ്ടിലെ ഏതു മനുഷ്യനിർമിത ഭവനത്തേയും വെല്ലുന്ന പ്രകൃതിദത്തമായ പറയിടുക്കുകളും ഗുഹകളും ഇവിടെ ധാരാളമായുണ്ട്. ഒരുകാലത്തും വറ്റാത്ത ഉറവകളും നിറയെ മത്സ്യങ്ങളുമുള്ള അരുവികളും പുഴകളുമുണ്ട് ; പഴങ്ങളും കിഴങ്ങുകളും വേരുകളും സമൃദ്ധമായുണ്ട്; മാനുകളും കാട്ടുപന്നികളും മുയലുകളുമുണ്ട്; പോരാത്തതിന് ഉപകരണങ്ങളും ആയുധങ്ങളും ഇഷ്ടംപോലെ ഉണ്ടാക്കിയെടുക്കുവാൻ വേണ്ടതിലധികം വെള്ളാരംകല്ക് പാറകളും. ആരാണ് വരുന്നതെന്ന് താമസക്കാർക്ക് ഉയർന്ന കുന്നുകളിൽ നിന്ന് കാണുവാൻ കഴിയും: ഇരയോ അതോ ഇരപിടുത്തക്കാരനോ , നീൽഗായ് മാനോ അതോ പുള്ളിപ്പുലിയെ എന്ന് മുൻകൂട്ടി അറിയാം.
ആദിമമനുഷ്യരുടെ ലോകത്തു ആരെയും മോഹിപ്പിക്കുന്ന ഒരു ആഡംബര വിശ്രമസങ്കേതത്തിനു തുല്യമായിരുന്നിരിക്കണം ഇവിടം. ഏകദേശം 1,00,000 വർഷങ്ങൾക്കു മുൻപ് ആദ്യത്തെ താമസക്കാർ വാസമുറപ്പിച്ചതിനുശേഷം ഈ പ്രദേശം അധികകാലം ഒഴിഞ്ഞുകിടക്കുവാൻ ഇടവന്നിട്ടില്ല ; ഇവിടെ കേറിക്കൂടുവാൻ ശ്രമിക്കുന്നവരുടെ നീണ്ട വെയ്‌റ്റിംഗ്‌ലിസ്റ്റ് സങ്കല്പിക്കുവാൻ വിഷമവുമില്ല. അത്രക്ക് പ്രിയപ്പെട്ട ഒരിടമായിരുന്നു ഇത് - പിന്നീട് വന്ന സഹസ്രാബ്ദങ്ങളിൽ ഹോമോ വർഗ്ഗത്തിലെ ഏതെങ്കിലും ഒരു ജീവജാതി, നമ്മുടെ പൂർവികരായ ഹോമോ സാപിയൻസ് അടക്കം, ഇവിടെ താമസിക്കുകയും വേട്ടയാടുകയും ചിത്രം വരക്കുകയും ജീവിതം ആഘോഷിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. അതെ, ശിലാഗൃഹങ്ങൾക്കകം നിറയെ ചിത്രങ്ങളാണ്, കൊട്ടിനൊപ്പം നൃത്തം ചെയ്യുന്ന മനുഷ്യരുടെ ചിത്രങ്ങളും അതിൽപ്പെടും
. ചിത്രങ്ങളുടെ കാലം കൃത്യമായി രേഖപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവയിൽ എല്ലാമല്ലെങ്കിലും അധികപങ്കും കഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങൾക്കുള്ളിൽ വരച്ചവയാകാൻ സാധ്യതയുണ്ട്; പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയാകണമെന്നില്ല. എങ്കിലും ഏതെങ്കിലും ഹോമോ വർഗ്ഗത്തിലെ അംഗങ്ങളുടെ- അവർ ലോകത്തിന്റെ ഏതുഭാഗത്തുള്ളരായാലും ശരി- കലാവാസനയുടെ ആദ്യത്തെ സാക്ഷ്യപത്രങ്ങളാണ് ഇവിടെ കാണുന്ന ഏതാനും
പെട്രോഗ്ലിഫുകൾ അഥവാ കല്ലിലെ കൊത്തുവേലകളും അടയാളങ്ങളും. ചില കപ്യൂളുകളും ( ചെറിയ കപ്പുകൾ പോലെയുള്ള കുഴികൾ) അതിനടുത്തു ചിലവരകളുമാണ് മേൽപ്പറഞ്ഞ പെട്രോഗ്ലിഫുകൾ. “
1957 - ൽ V S വാകങ്കർ എന്ന ആർക്കിയോളജിസ്റ് ഭോപ്പാലിലേക്കുള്ള യാത്രയിൽ അവിചാരിതമായി കണ്ട പാറക്കെട്ടുകളിലേക്കു നടത്തിയ യാത്രയാണ് ലോകത്തിലെ തന്നെ പഴയയൊരു ആവാസവ്യവസ്ഥയുടെ ശേഷിപ്പുകൾ ലോകത്തിനിമുന്പിൽ അനാവൃതമാകാൻ കാരണമായത്. ഇന്ന് ആയിരക്കിനക്കിനു സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണിവിടം . നഗരത്തിന്റെ തിരക്കിൽ , AC റൂമുകളിൽ ഇന്നത്തെ മനുഷ്യൻ ജീവിതം ഹോമിക്കുമ്പോൾ ഇടയ്ക്കു കാടുകളിൽ ഓരോ നിമിഷവും ആവേശകരവും വ്യത്യസ്തവുമായി ചിലവഴിച്ച നമ്മുടെ പൂർവികരുടെ വീടുകളിലേക്ക് , നമ്മുടെ തറവാട്ടിലേക്ക് സന്ദർശനം നടത്തുന്നത് തിരിച്ചറിവിലേക്കുള്ള ഒരു യാത്ര കൂടിയാകും …
Reference : Sapiens
Early Indian

Comments

Popular posts from this blog

നിധി ചാല സുഖമാ ..

കണ്ണ് തുറക്കുന്ന ദൈവങ്ങൾ

സാമൂതിരി കോളേജ്