പോലനാട് – a forgotten tale -part 1



പോലനാട് – a forgotten tale -part 1






എല്ലാം നിനക്കൊത്തവണ്ണമിനിയെന്നി -

തെല്ലാംമരുൾചെയ്തു ചേരമാൻ തന്നുടെ

പള്ളിവാൾ നീർമുതലാകക്കൊടുപ്പള-

വാള്ളൂള്ള ഭാവമൻപോടുകണ്ടന്തികേ

നിൽക്കും പ്രകാശഭൂപാലകൻ ചൊല്ലിനാ-

നൊക്കെക്കഴിവുണ്ടു  വാങ്ങിയാലും ഭവാൻ

വെട്ടിയടക്കിത്തരുവാതിനാളു ഞാ-

നൊട്ടും മടിച്ചു നില്ലായ്കയെന്നിങ്ങിനെ

 

                                ചേരമാൻ പെരുമാൾ പള്ളിവാൾ നീർവീഴ്ത്തിക്കൊടുത്തു  ' നിങ്ങൾ കൊന്നും ചത്തും കീഴടക്കിക്കൊള്ളുക'  എന്ന് പൂന്തുറേശനു ഉപദേശം കൊടുത്ത കഥ വളരെ പ്രശസ്തമാണല്ലോ. അവർ പിന്നീട് കേരളത്തിലെ തന്നെ ഏറ്റവും ശക്തരായ രാജപരമ്പരയായ സാമൂതിരിമാരായി മാറി. പറയാൻ പോകുന്നത് സാമൂതിരിക്കു മുൻപുള്ള കോഴിക്കോടിനെക്കുറിച്ചാണ് . ചരിത്രവും , കേട്ടുകേൾവികളും, നാട്ടുകഥകളും നിറഞ്ഞതാണ് സാമൂതിരിക്കു മുൻപുള്ള കോഴിക്കോടിന്റെ കഥ .

                          സാമൂതിരി രാജഭരണത്തിനു മുൻപ് കോഴിക്കോടിന്റെ പ്രധാന ഭാഗങ്ങളെല്ലാം പോളനാട്‌ (പോലനാട്) എന്ന നാട്ടുരാജ്യത്തിനു കീഴിലായിരുന്നു. ഇവിടം ഭരിച്ചിരുന്നവർ പോളാർതിരിമാർ എന്നറിയപ്പെട്ടു. ടിപ്പുവിന്റെ ആക്രമണത്തിന് മുൻപ് മലബാർ പ്രദേശം പയ്യനാട്, പോലനാട് , പൂഴിനാട് എന്നിങ്ങനെ മൂന്നു നാടുകൾ പ്രസിദ്ധമായിരുന്നു. പോളനാടിനെ മൂന്ന് കൂട്ടവും (നാട്ടുകൂട്ടം ) മുപ്പത്തിരണ്ട് തറയും അഞ്ചു അകമ്പടി ജനവും ചേർന്നതായിരുന്നു എന്നും പറയാറുണ്ട്. നാട്ടുഭാഷയിൽ പന്നിയങ്കര മുതൽ പന്തലായനി വരെയും ചരിത്രപരമായി എലത്തൂർ പുഴയുടെയും ചാലിയാറിനുമിടയിൽ കൃത്യമായി പറഞ്ഞാൽ എലത്തൂർ , തലക്കുളത്തൂർ ,മക്കടെ , ചാത്തമംഗലം, കുന്നമംഗലം , താമരശ്ശേരി , കുറുവത്തൂർ, പടിഞ്ഞാറ്റുമുറി, കാരന്നുർ, എടക്കാട്, കച്ചേരി, നഗരം , കസബ , വളയനാട് , കോട്ടൂളി , ചേവായൂർ, മായനാട്, കോവൂർ, പെരുമണ്ണ , പെരുവയൽ , ഇരിങ്ങല്ലൂർ , ഒളവണ്ണ  തുടങ്ങിയ സ്ഥലങ്ങൾ പോളനാടിന്റെ ഭാഗമായിരുന്നു. . ഒമ്പതു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെ കോഴിക്കോട് പോർളാതിരി ഭരണം നിറഞ്ഞു നിന്നൂ.

                             കേരളത്തിലെ അന്നത്തെ എട്ടു പ്രധാന നാടുവാഴികളിൽ പോളാർതിരിയുമുണ്ടായിരുന്നു. ശക്തികൊണ്ടും സമൃദ്ധികൊണ്ടും പേരുകേട്ട പോളാർതിരിയെപ്പറ്റി ' പോലനാട് മുക്കാതംവഴി നാട് 72 തറയും 10000  നായരും അതിൽ 3 കൂട്ടവും 32 തറവാട്ടുകാരും 5 അകമ്പടിജനവും ( ഓരമ്മപെറ്റ മക്കൾ , ഒരു കൂലിച്ചേക്കം, ഒരു ചെമ്പിലെ ചോറ് ,ഒരു കുടക്കീഴിൽ വേല ) ; ഇങ്ങിനെ അത്രേ പോളാർത്തിരി രാജാവിന്നാകുന്നത് " എന്ന് കേരളോത്പത്തി പറയുന്നു. കോട്ടയം രാജാവ് നമ്പൂതിരിമാരുടെ സഹായത്തോടെ താമരശ്ശേരിയിൽ ഒരു കോട്ടയും പോർക്കലി ഭഗവതിയുടെയും ശാസ്താവിന്റെയും ക്ഷേത്രവും പണി കഴിപ്പിച്ചു .അതിന്റെയെല്ലാം രക്ഷക്ക് അയ്യായിരം പ്രഭു കർത്താ എന്ന 10000 നായന്മാരുള്ള ഒരു പടയും ഏർപ്പാട് ചെയ്തു. അവരെല്ലാം എപ്പോഴും പോർളാതിരിയെ സംരക്ഷിച്ചു പോന്നു.                    

                                             പ്രധാനമായും 9 കൊട്ടാരങ്ങളായിരുന്നു പോലനാട് ഉണ്ടായിരുന്നത് , പുതുപ്പാടി , തിരുവമ്പാടി , കൊടിയത്തൂർ ,കോട്ടക്കുന്ന് ( CWRDM നിൽക്കുന്ന സ്ഥലം ) , പോലൂർ, ആഴ്ചവട്ടം , തളി, കോട്ടപ്പറമ്പ് , കുറ്റിച്ചിറ എന്നിവടങ്ങളിലായിരുന്നു അവ സ്ഥിചെയ്തിരുന്നത് എന്ന് പറയുന്നു . കൊച്ചി ഉൾപ്പെടെ സാമന്ത രാജാക്കന്മാരെയൊന്നും സാമൂതിരി കൊട്ടാരം ഓടുമേയാന് സമ്മതിച്ചിരുന്നില്ല എന്ന കഥ ഓർത്താൽ , കൊട്ടാരം എന്നത് ബൃഹത്തായ ഒരു നിർമിതി ആകാൻ സാധ്യതയില്ല , ഓലമേഞ്ഞ കളിമണ്ണുകൊണ്ടു നിർമിക്കപ്പെട്ട സാമാന്യേന മെച്ചപ്പെട്ട ഒരു ഗൃഹം  ആവാനേ തരമുള്ളു , 

                            പോളാർതിരിയുടെ പ്രധാന വരുമാനമാർഗം നികുതിയും കാഴ്ച ദ്രവ്യങ്ങളും മാത്രമായിരുന്നില്ല  , തന്റെ ശക്തമായ നായർ സൈന്യത്തെ മറ്റു രാജ്യങ്ങൾക്കു സഹായത്തിനു അയച്ചു കൊടുത്തും വരുമാനം ഉണ്ടാക്കിയിരുന്നു . തന്റെ പ്രശസ്തമായ 10000 നായർ പട രാജാവിനെ എപ്പോഴും സംരക്ഷിച്ചു പോന്നു. രാജ്യത്തിൻറെ വളർച്ചയും കോഴിക്കോട് ഒരു തുറമുഖം എന്ന നിലയിൽ പ്രശസ്തമാകുകയും ചെയ്തതോടെ പോലനാട് പിടിച്ചെടുക്കാനുള്ള ആഗ്രഹം മറ്റു രാജാക്കന്മാരിൽ വളർന്നു തുടങ്ങി ,  നേരിൽ യുദ്ധം ചെയ്തു തോൽപ്പിക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെ ചതിയിലൂടെ പിടിച്ചെടുക്കാൻ നെടിയിരുപ്പ് വാഴുന്ന സാമൂതിരി രാജാവ് തീരുമാനിച്ചു. അവിടെ നിന്നും നാൽപതു വർഷം നീണ്ട യുദ്ധത്തിന്റെ ചരിത്രം ആരംഭിക്കുകയാണ് .....

                                                                             തുടരും ....

 

reference:  Malabar manual - william logan

                  Kozhikodinte charithram – K. Balakrishnakkuruppu

                  Keralolppathi

                   Jaathivyavasthithiyum Kerala charithravum – P.K Balakrishnan

Comments

Post a Comment

Popular posts from this blog

നിധി ചാല സുഖമാ ..

കണ്ണ് തുറക്കുന്ന ദൈവങ്ങൾ

സാമൂതിരി കോളേജ്