പോലനാട് - ചതി (Part -4)
അന്ധകാരം പോയ് വീണ്ടും സുദിനമായെന്നോർത്തോ ?
ഹന്ത ശുദ്ധാത്മാക്കളെ, വഞ്ചിതരായി നിങ്ങൾ .
പുലരിത്തുടിപ്പല്ലിതകലെ, കവർച്ചക്കാർ
പുരകൾക്കു തീവെക്കും ദാരുണച്ഛവിമാത്രം
( ഇരുളിൽ - വൈലോപ്പിള്ളി )
യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടു . പൂർവാധികം ശക്തനായ സാമൂതിരി പോലാർതിരിയുടെ ഒരു കോട്ടയായ കോട്ടക്കുന്ന്
(ഇപ്പോഴത്തെ CWRDM ) വളഞ്ഞു. അവിടെവച്ച്
പോലനാടിന്റെ അജയ്യരായ ഭടന്മാരിലുമുള്ള വിശ്വാസം തകർക്കപ്പെട്ടു. പോലാർതിരിയെ ഞെട്ടിച്ചുകൊണ്ട് പുഴായി നായർ ( മണ്ണിലെടുത്തു നായർ ) തന്റെ പടയോടൊപ്പം എതിർപക്ഷത്തേക്കു കൂറുമാറി. കോട്ടക്കുന്ന് അനായേസേന സാമൂതിരി കീഴടക്കി, എന്നാൽ അപ്പോഴും പോളാർതിരിയെ കീഴടക്കാൻ കഴിഞ്ഞില്ല.
സൈന്യബലം കുറഞ്ഞുവെങ്കിലും പോലനാടിന്റെ പ്രധിരോധത്തിനു കുറവുണ്ടായില്ല. വിശ്വസ്തരായ ഭടന്മാർ അപ്പോഴും സ്വന്തം രാജ്യത്തിനുവേണ്ടി പൊരുതിക്കൊണ്ടിരുന്നു. എളുപ്പത്തിൽ തനിക്കു ജയിക്കാനാവില്ല എന്ന് മനസ്സിലാക്കിയ സാമൂതിരി ചാലപ്പുറത്തമ്മയുമായി ഒരു ധാരണയിലെത്തി. പോളാർതിരി താമസിക്കുന്ന
പോലൂരിലെ കോട്ടവാതിൽ തനിക്കു തുറന്നുതരിക പകരമായി നാലായിരം പണവും ,നാലു ആനയും , 'നാലകത്തൂട്ട്
അമ്മ' എന്ന സ്ഥാനവും, തറവാട്ടിലെ
മുതിർന്ന പുരുഷന് 'ചാലപ്പുറത്തു
നാലാംകൂർ ', കോഴിക്കോട് തലച്ചെന്നോർ ' തുടങ്ങിയ ബഹുമതിയും നൽകാം എന്നായിരുന്നു വാഗ്ദാനം. വലിയൊരു ഭാഗം കൂറുമാറിയെങ്കിലും വിശ്വസ്ഥരാൽ സംരക്ഷിക്കപ്പെട്ട
രാജാവിനെ തോൽപ്പിക്കണമെങ്കിൽ കൈയിൽ ആയുധവും , അംഗരക്ഷകരുടെ സംരക്ഷണവും ഇല്ലാത്തപ്പോൾ അക്രമിക്കണമെന്നു സാമൂതിരി മനസ്സിലാക്കി. ചാലപ്പുറത്തമ്മ കോട്ടവാതിൽ തുറക്കുന്ന സമയം നോക്കി സൈന്യത്തോടൊപ്പം
പോലൂർ കോട്ടക്ക് പുറത്തു കാത്തുനിന്നു.
ഏറ്റവും വലിയ വഞ്ചന നടക്കാനിരിക്കുന്നതേയുള്ളു
എന്നറിയാതെ രാവിലെ എണ്ണതേച്ചു കുളത്തിൽ കുളിക്കാൻ ഇറങ്ങിയസമയത് ചാലപ്പുറത്തമ്മയും കാര്യക്കാരും കോട്ടവാതിൽ ശത്രുക്കൾക്കായി തുറന്നുകൊടുത്തു. അകത്തുകയറിയ ഉടനെ മൂന്നുകുറ്റി
വെടിയുതിർത്തു സാമൂതിരി
കോട്ടയുടെ അവകാശം സ്ഥാപിച്ചു. കുളിച്ചുകൊണ്ടിരിക്കുമ്പോൾ വെടിയൊച്ചകേട്ട പോളാർത്തിരി 'ചതിച്ചിതേ' എന്നുറക്കെ പറഞ്ഞുകൊണ്ട് കുളി മുഴുവിക്കാതെ ഈറനോടെ
പുറത്തേക്കു നടന്നു. ശത്രുവിനോടേറ്റ പരാജയത്തേക്കാൾ ഉറ്റവർ കാണിച്ച വിശ്വാസ വഞ്ചനയുടെ വേദനയോടെ ...
തുടരും ..............
Comments
Post a Comment