സാമൂതിരി കോളേജ്


           

 കേരളത്തിലെ ഏറ്റവും മനോഹരമായ ക്യാമ്പസ് ഏതാണ് ? പല ഉത്തരങ്ങൾ ഉണ്ടാകുമെങ്കിലും അതെല്ലാം കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളേജ് കാണുന്നത് വരെ മാത്രമായിരിക്കും !!!! പാരമ്പര്യവും പ്രതാപവും പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ ക്യാമ്പസിനു ഒരു നൂറ്റാണ്ടിനു മുകളിൽ പഴക്കം ഉണ്ട് . ഈ കലാലയത്തിനു 1877 മുതലുള്ള കഥകൾ പറയാനുണ്ട്. ടി ബി സെലുരാജ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഗുരുവായൂരപ്പൻ കോളേജിന്റെ കഥ പറയുന്നതിങ്ങനെയാണ്

“1877- ലാണ് സാമൂതിരി രാജാവ് ‘കേരള വിദ്യശാലാ’ എന്ന പേരിൽ ഒരു പാഠശാല ആരംഭിച്ചത്. തളി ക്ഷേത്രത്തിനോടടുത്തു സാമൂതിരിയുടെ കൊട്ടാരത്തിന്റെ ചില ഭാഗങ്ങളിലായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. രാജ കുടുംബാംഗങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാൻ ഒരു സ്കൂൾ എന്ന് മാത്രമേ തുടക്കത്തിൽ സാമൂതിരി ഉദ്ദേശിച്ചുള്ളൂ . അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. മലബാർ കളക്ടർ ആയിരുന്ന വില്യം ലോഗന്റെ സഹായവും ഉപദേശവും ഇക്കാര്യത്തിൽ സാമൂതിരിക്കു ഉണ്ടായിരുന്നു. ആദ്യത്തെ പ്രിൻസിപ്പൽ C.M ബാരോ ആയിരുന്നു. പിന്നീട് അറ്റ്കിൻ ആയി പ്രിൻസിപ്പൽ. 1879 മുതലാണ് മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കേരള വിദ്യശാലാ ആയി ഉയർത്തപ്പെട്ടതു. അപ്പോഴേക്കും സമൂഹത്തിലെ എല്ലാവര്ക്കും ജാതിമതഭേദമന്യേ ഇവിടെ പ്രവേശനം കിട്ടിയിരുന്നു.
വിംഗ്‌ളർ പ്രിൻസിപ്പലായി ചുമതലയേറ്റ ശേഷമാണ് കോളേജ് ഭരണത്തിന് ആവശ്യമായ നിയമങ്ങൾ ഉണ്ടാക്കിയതായി രേഖകളിൽ കാണുന്നത് ( 1887 ജൂൺ 27ന്). അദ്ദേഹത്തിന് സാമൂതിരിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി രേഖകളിൽ നിന്നും മനസ്സിലാകും. രസാവഹമാണ് ഈ സൗന്ദര്യ പിണക്കങ്ങൾ . തുടക്കത്തിൽ സാമൂതിരിയും സാമൂതിരിക്കുവേണ്ടി കുറെയേറെ കാര്യസ്ഥന്മാരും പ്രിൻസിപ്പലിന് കത്തെഴുതാറുണ്ടായിരുന്നു. ഇത്തരം കത്തുകളിൽ ഒപ്പോ സീലോ ഉണ്ടാകാറില്ല. (താശ മേനോൻ , കുഞ്ഞിക്കണ്ണൻ നായർ , രംഗരായൻ, പാട്ടിണ്ണ അയ്യർ എന്നിങ്ങനെ പോകുന്നു കാര്യസ്ഥന്മാരുടെ പട്ടിക.) ഇക്കാര്യത്തിൽ വിംഗ്‌ളർ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഒടുവിൽ ലോഗന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പായി. സാമൂതിരിയും താശ മേനോനും മാത്രമേ പ്രിൻസിപ്പലിന് കത്തെഴുതുകയുള്ളുവെന്നും അതിൽ മുദ്രവെക്കുമെന്നുമായിരുന്നു ധാരണ.
കൊട്ടാരത്തിലെ ചില വിശേഷങ്ങളിൽ കോളേജ് പ്രവർത്തിക്കരുതെന്നു നിഷ്കര്ഷിച്ചിരുന്നു. വിംഗ്‌ളർ ആകട്ടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലായിരുന്നു. ഏതോ വിശേഷം നടക്കുന്ന അവസരത്തിൽ പൂട്ടിയിട്ടിരുന്ന ക്ലാസ്സ്മുറികൾ വിംഗ്‌ളർ ബലമായി തുറന്നു ക്ലാസ് നടത്തിയതും സാമൂതിരിയെ ചൊടിപ്പിച്ചതും രേഖകളിൽ കാണാം. ഗവർണർ കോഴിക്കോട് സന്ദർശിച്ച വേളയിൽ കേരള വിദ്യാശാലയും സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ കോളേജ് ഹാളിൽ സ്വീകരിക്കാൻ സാമൂതിരി നിര്ദേശിച്ചിരുന്നുവെങ്കിലും വിംഗ്‌ളർ മുറ്റത്ത്‌വെച്ചാണ് സ്വീകരണയോഗം നടത്തിയത്. ഈ സംഭവം സാമൂതിരിയേയും വിംഗ്‌ളരെയും തമ്മിലകറ്റി. ഇവിടെയും ലോഗൻ തന്നെ മധ്യസ്ഥതക്കെത്തി.
വിദ്യാർഥികളിൽനിന്നു ഫീസ് ഗഡുക്കളായി വാങ്ങാമെന്ന നിയമം കൊണ്ടുവന്നതും വിംഗ്‌ളർ ആയിരുന്നു. കോളേജിലെ ഭരണകാര്യങ്ങളിൽ പ്രിൻസിപ്പലിന് പൂർണ സ്വാതന്ത്ര്യം കൊടുത്തിരുന്നതായി കാണാം . അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കാര്യത്തിൽ പ്രിൻസിപ്പലിനായിരുന്നു ശിക്ഷാനടപടികൾക്കുള്ള അധികാരം. കോളേജിയറ്റ് അംഗങ്ങളുടെ കാര്യത്തിലും അങ്ങനെത്തന്നെയായിരുന്നു തുടക്കത്തിൽ. ഇക്കാര്യത്തിൽ സാമൂതിരിക്കു പരാതിയെക്കാൾ കൂടുതൽ ഉത്കണ്ഠ ആയിരുന്നുവെന്നു അദ്ദേഹം ലോഗനയച്ച കത്തിൽ നിന്നും പ്രകടമാകും . ഒരു കത്തിൽ ഇങ്ങനെ കാണാം : കോളേജിന്റെ ചട്ടങ്ങൾ വായിച്ചു , അധ്യാപകരെയും കുട്ടികളെയും ശിക്ഷിക്കുന്നതിനും പറഞ്ഞുവിടുന്നതിനും പ്രിൻസിപ്പലിന് അധികാരം കൊടുത്തതിൽ തെറ്റില്ല. മറ്റ്‌ കോളേജിയറ്റ് അംഗങ്ങളിൽ എനിക്ക് അധികാരം ഉണ്ടായിരിക്കണം. അതല്ലെങ്കിൽ കേരളപത്രികയും സ്റ്റാർ പേപ്പറുകളും നമ്മെക്കുറിച്ചു എന്താണ് ധരിക്കുക? ഒടുവിൽ ചട്ടങ്ങളിൽ ലോഗൻ ഇടപെട്ടു ഭേദഗതി ചെയ്യുകയും സാമൂതിരിരാജാവിനെ അപ്പലറ്റ് അതോറിറ്റിയായി അവരോധിക്കുകയും ചെയ്തു. പ്രിൻസിപ്പലിന്റെ മീതെയായി ഒരു മാനേജരെ വെക്കാനുള്ള സാമൂതിരിയുടെ ആവശ്യം ലോഗൻ നിരസിച്ചതായി കാണാം. 'അദ്ധ്യാപകരും വിദ്യാർത്ഥികളും മാനേജരും പ്രിൻസിപ്പലിന്റെ കീഴിൽ തന്നെ വരണം. അതല്ലെങ്കിൽ മദ്രാസ് ബാങ്ക് നമ്മുടെ ചട്ടങ്ങൾ സ്വീകരിക്കില്ല എന്നോർക്കുമല്ലോ?' എന്ന് ലോഗൻ എഴുതിയതായി കാണുന്നു.
കുറുമ്പന്മാർ എക്കാലത്തും ഉണ്ടാകുമല്ലോ. ചില വിദ്യാർഥികൾ കേരള വിദ്യാശാലയെ ' കേരള വൈദ്യശാല ' എന്ന് വിളിക്കാറുണ്ടായിരുന്നുവത്രെ . 1900 -ൽ കേരള വിദ്യശാലയുടെ പേര് 'സാമൂതിരി കോളേജ് ' എന്നാക്കി മാറ്റി. തുടർന്നുള്ള വർഷങ്ങളിൽ കോളേജിന്റെ വളർച്ചയെ സാമ്പത്തികമായി സഹായിച്ചത് ഗുരുവായൂർ ദേവസ്വമാണ് . ഈ കടപ്പാടിനെത്തുടർന്നു കോളേജിന്റെ പേര് ' ഗുരുവായൂരപ്പൻ കോളേജ് ' എന്നാക്കി മാറ്റി. 1955 -ലാണ് തളിയിൽ നിന്ന് പൊക്കുന്നിലെ 92 ഏക്കറിന്റെ വിശാലതയിലേക്കു കോളേജ് മാറ്റിയത് . ഇന്നീ കോളേജിന്റെ പേര് 'സാമൂതിരിസ് ഗുരുവായൂരപ്പൻ കോളേജ് എന്നാണ് ' “
Reference: കോഴിക്കോടിന്റെ പൈതൃകം - ടി. ബി സെലുരാജ്

Comments

Popular posts from this blog

നിധി ചാല സുഖമാ ..

കണ്ണ് തുറക്കുന്ന ദൈവങ്ങൾ