Unexplored India! കർണേലിയൻ മുത്തുകൾ
ഗുജറാത്തിലെ കമ്പത് (Cambey) എന്ന നഗരം നൂറ്റാണ്ടുകളായി അണയാതെ സൂക്ഷിക്കുന്ന ഒരു കരകൗശല വിദ്യയുണ്ട്. അതാണ് കർണേലിയൻ മുത്തുകളുടെ നിർമാണം!!!. ആഭരണപ്രിയർക്കു വളരെ പരിചയമുള്ളതാണ് കർണേലിയൻ ആഭരണങ്ങൾ . ഈ നഗരത്തിനു 5000 വർഷത്തെ ആഭരണ നിർമാണ പാരമ്പര്യം അവകാശപ്പെടാനുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവിന് മുൻപേ ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയുന്നതിലപ്പുറം സങ്കീർണമായ പ്രവർത്തനങ്ങളിലൂടെയായിരുന്നു ഓരോ ആഭരണങ്ങളും നിർമിച്ചിരുന്നത്. സിന്ധു നദീതടങ്ങളിൽ നാഗരികതയുടെ വളർച്ചയോടൊപ്പം അവരിലെ കലാകാരന്മാരും കരകൗശല വിദഗ്‌ധരും ഉണർന്നു കഴിഞ്ഞിരുന്നു . അവരുടെ ആഭരണ നിര്മാണത്തെക്കുറിച്ചു വിവരിക്കുന്നത് ഇങ്ങനെയാണ്.
"അഗേറ്റിൻറെ ചുവപ്പു കലർന്ന ഓറഞ്ച് വൈവിധ്യമായ കർണേലിയൻ നീണ്ട കഷ്ണങ്ങൾ ഗുജറാത്തിൽ നിന്നും ചാൻഹുദാരോയിലേക്കു കൊണ്ടുവന്നിരുന്നു. അവയിലേറ്റവും മികച്ചത് തിരഞ്ഞെടുത്തു വേർതിരിച്ചുവച്ചു . ഇവയെ മാസങ്ങളോളം വെയിലത്തിട്ടുണക്കി പണി സുഗമമാക്കുന്നതിന് വേണ്ടി പരന്ന അടുപ്പുകളിലിട്ടു ചൂടാക്കുന്നു. ചൂടുതട്ടി അവ കടുംചുവപ്പു നിറമായി മാറുന്നു. അറ്റത്തു ചെമ്പു ഘടിപ്പിച്ചിട്ടുള്ള ഒരു ഊന്നു വടി, ഒരു മാന് കൊമ്പു എന്നിവ ഉപയോഗിച്ച് പരോക്ഷമായി പ്രഹരമേല്പിച്ചു അല്ലെങ്കിൽ കിഴിക്കൽ സാങ്കേതിക വിദ്യയിലൂടെ മണിയുടെ പരുക്കൻ രൂപം നിർമ്മിക്കുന്നു. മണിയുടെ പരുക്കൻ രൂപം നിർമ്മിക്കുന്നതിന് വലിയ കഷ്ണങ്ങൾ നീളത്തിൽ മുറിച്ചു ചെത്തിയെടുക്കുന്നു. അതിനുശേഷം ഈ പരുക്കൻ രൂപം ചാലുള്ള ഒരു മണൽക്കല്ലിലോ ക്വാർട്സൈറ്റ് തിരി കല്ലിലോ ഇട്ടു ഭാഗികമായി പൊടിച്ചെടുക്കുന്നു. ശേഷം മണികളിലൂടെ തുളച്ചു ദ്വാരങ്ങളുണ്ടാക്കുന്ന പ്രക്രിയയാണ് . ഏറ്റവും ബലവത്തായ ഈടുനിൽക്കുന്ന ഒരു ആയുധം നിര്മിക്കുന്നതിനുവേണ്ടി ചൂടാക്കിയ രൂപഭേദം വരുന്ന അപൂർവയിനം ശിലയിൽ നിർമ്മിച്ചെടുത്ത കുഴൽ രൂപത്തിലുള്ള പ്രത്യേക തരം തമിരുകളുപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഒരു കൈത്തൊഴിൽ വിദഗ്ധന് ഒരു തമിരു നിർമിക്കുവാൻ ചൂടാക്കുക, ചെത്തിക്കുറക്കുക, പൊടിക്കുക എന്നിങ്ങനെ ഒരു ദിവസം മുഴുവനും നിർവഹിക്കേണ്ട ജോലികളുണ്ടായിരുന്നു. ഹാരപ്പൻ മുത്ത് നിർമാതാക്കൾ ഒരൊറ്റ മുത്ത് നിർമ്മിക്കുവാൻ അനേകം വലിപ്പത്തിലുള്ള തമിരുകൾ ( ആറ് വലിപ്പത്തിലുള്ളവയെങ്കിലും ) ഉപയോഗിച്ചിരുന്നു. കൈകൊണ്ടു പിടിക്കാവുന്ന വളഞ്ഞ ഒരു തമിരുകൊണ്ടാണ് മിക്കവാറും തുളക്കൽ പ്രക്രിയ നടത്തിയിരുന്നത്. ഉരസലിൽ കൊടും ചൂട് അനുഭവപ്പെട്ടിരുന്നതിനാൽ വെള്ളത്തിനടിയിൽവച്ചായിരിക്കും ഈ കർമം നിർവഹിക്കുന്നത്. അല്ലെങ്കിൽ സുഷിരത്തിലേക്കു തുടർച്ചയായി വെള്ളം ഇറ്റിച്ചുകൊണ്ടിരുന്നിട്ടുണ്ടാവാം.
ഇത്തരത്തിലുള്ള മുന്തിയ ഇനം തമിരുകൾ ഉപയോഗിച്ചിരുന്നുവെങ്കിൽകൂടി 6 സെന്റിമീറ്റർ നീളത്തിലുള്ള ഒരൊറ്റ സുഷിരമുണ്ടാക്കുന്നതിനു 24 മണിക്കൂർ അല്ലെങ്കിൽ മൂന്ന് ദിവസം എട്ടു മണിക്കൂർ വീതം തുടർച്ചയായി തുളക്കൽ ആവശ്യമായിരുന്നു എന്ന് കേനോയറും അദ്ദേഹത്തിന്റെ സംഘവും ചേർന്ന് നടത്തിയ പഠനം വിശദമാക്കുന്നു. മോഹൻജെദാരോയിലും അലഹദിനോയിലും കണ്ടെടുത്ത അരപ്പട്ടകളിലുണ്ടായിരുന്ന മണികൾ നീളത്തിൽ 6 മുതൽ 13സെന്റിമീറ്റർ വരെ വ്യത്യാസപ്പെട്ടിരുന്നു. വളരെ കഠിനവും ആയാസകരവുമായ ജോലി ആയതിനാൽ ഖമ്പേയിലെ മുത്ത് നിർമാതാക്കൾ രണ്ടു മണിക്കൂറിലെ പണിക്കു ശേഷം നീണ്ട ഇടവേളകൾ എടുക്കാറുണ്ട് എന്ന് പരിഗണിക്കുമ്പോൾ, നീണ്ട മണികളിലൊരെണ്ണം മൂന്നുമുതൽ എട്ടുവരെ, മിക്കവാറും അതിലും കൂടുതൽ ദിവസങ്ങൾ വേണ്ടിവന്നിട്ടുണ്ടാകും എന്ന നിഗമനത്തിലെത്തുന്നു. മണികൾ തുളച്ചുകഴിഞ്ഞാൽ ശ്രമകരമായ മിനുക്കൽ പണിയും നടത്തിയിരുന്നു.
ഈ പ്രവർത്തനങ്ങളുടെ തുടക്കം മുതൽ ഒടുക്കം വരെ പരിഗണിച്ചാൽ, അല്ലാഹദിനോയിൽ നിന്നും കണ്ടെടുത്ത 36 മണികൾ കോർത്ത ഒരു അരപ്പട്ട നിർമിക്കുവാൻ 480 പ്രവർത്തിദിവസങ്ങൾ വേണ്ടിവന്നിരുന്നു. ഒന്നിലധികം തൊഴിലാളികളെ ജോലിയിൽ വിന്യസിച്ചിരുന്നുവെങ്കിലും ഒരു വർഷത്തിലധികം സമയം ചെലവഴിക്കേണ്ടിവന്നിരിക്കാം. ഈ മണികൾ ഉയർന്ന മൂല്യമുള്ളവയായിരുന്നു. സമ്പന്നർ മാത്രമാണിത് ധരിച്ചിരുന്നത്. വിലകൂടിയ നീണ്ട കർണേലിയൻ മണികൾ സ്വന്തമാക്കുവാൻ കെല്പില്ലാതിരുന്ന ജനതക്കുവേണ്ടി ഹാരപ്പൻ കൈത്തൊഴിലാളികൾ ടെറാകോട്ടയിൽ അവ കൃത്രിമമായി നിർമിച്ചു, ചുവപ്പുചായം പൂശിയിരുന്നു ."
ഒരു വർഷത്തിലധികം വരുന്ന തപസ്സിലൂടെയായിരുന്നു ഓരോ മുത്തുമാലകളും അവർ നിർമിച്ചിരുന്നത്. തലമുറകളിലേക്ക് കൈമാറിവന്ന ആ സിദ്ധി ഇന്നും തുടരുന്നുണ്ടെങ്കിലും പരമ്പരാഗത ശൈലികളിൽ നിന്നും അവർ ഒരുപാടു മാറിക്കഴിഞ്ഞു . കരകൗശല വിദ്യകളിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നഗരങ്ങളുണ്ടെങ്കിലും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം അപൂർവമാണ്. കമ്പത്തിലേക്കുള്ള ഓരോ യാത്രയും ഒരു പൗരാണിക നാഗരികതയുടെ അടയാളങ്ങളിക്കുള്ള യാത്രയും കൂടെയാണ് ..
Ref: A History of Ancient and Early Medieval India
Comments
Post a Comment