പോലനാട് - " എന്റെ രാജാവ് പോളാർതിരി , അല്ല സാമൂതിരി " - part -5
ഏകം വിഷരസോ ഹന്തി ശസ്ത്രേണൈകശ്ച വധ്യതേ
സരാഷ്ട്രം സ പ്രജം ഹന്തി രാജാനം മന്ത്രവിസ്രവ:
(മഹാഭാരതം )
(വിഷം ഒരുവനെ മാത്രമേ കൊല്ലുന്നുള്ളൂ. ആയുധവും ഒരുവനെ മാത്രമേ വധിക്കുന്നുള്ളു . എന്നാൽ രാജാവിന്റെ രഹസ്യം ചോർന്നാൽ അത് രാഷ്ട്രത്തിനോടും , പ്രജകളോടും കൂടെ രാജാവിനെ നശിപ്പിക്കുന്നു )
ബന്ധുക്കളും പ്രിയപ്പെട്ടവരും തന്നെ ചതിച്ച വിവരം വേദനയോടെ പോളാർതിരി മനസ്സിലാക്കി . ഒരിക്കലും തകർക്കാൻ കഴിയാത്ത കോട്ടയുടെ വാതിൽകടന്നു ശത്രു അകത്തെത്തിയിട്ടുണ്ടെങ്കിൽ അതിനു സഹായം ചെയ്തവർ തന്റെ കൂടെയുള്ളവർ തന്നെ എന്ന സത്യം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാകണം .കേരളോത്പത്തിയിലും , നാട്ടുകഥകളിലും ഈ സന്ദർഭത്തെ ഒരു നാടോടിക്കഥപോലെയാണ് വര്ണിച്ചിരിക്കുന്നതു .
നീരാട്ട് മുഴുവിക്കാതെ ഈറനോടെ അദ്ദേഹം കോവിലകത്തേക്കു എഴുന്നള്ളി. അവിടെ ആജ്ഞക്കായി മറ്റുള്ളവർ കാത്തുനിന്നു . നീറിയ മനസ്സിൽനിന്നും ശാപങ്ങളും അനുഗ്രഹങ്ങളും ഒരുപോലെ വന്നു. ആദ്യം കീഴൂരും കുറമ്പട്ടൂരും ഉള്ളവരെ വരുത്തി ഇങ്ങനെ പറഞ്ഞു " പോലൂരും ചെറുപറ്റയും ആണ്പെറാതെ ഇരിക്കട്ടെ. നമ്മുടെ നാട്ടിൽ പുരമേൽപുരയും വിരീയൻ വളയും വീരാളിപ്പട്ടുടുക്കയും പോത്തു ഉഴുകയും അരുതു. നിങ്ങൾ എനിക്ക് തുണയായി നിൽക്കുകയും വേണം . നാട്ടിൽ ശിക്ഷാരക്ഷക്കു ഏറെക്കുറവുകൂടാതെ ഇരിക്ക എന്നാൽ നിങ്ങള്ക്ക് ഒരു താഴ്ചയും വീഴ്ചയും കണ്ണിനും കൈക്കും മുൻപ് ഇരിക്കട്ടെ " എന്ന് പോളാർതിരി അനുഗ്രഹിച്ചു. സാമൂതിരി സൈന്യം കോട്ട വളഞ്ഞപ്പോൾ കൂടെ നിന്ന വിശ്വസ്തർ സാമൂതിരിക്കെതിരെ യുദ്ധം ചെയ്തു. ആ സമയം നോക്കി രാജാവ് ആരുമറിയാതെ കോട്ടക്ക് പുറത്തെത്തി എന്നും പറയുന്നു . സാമൂതിരി തോൽപ്പിച്ചു കഴിഞ്ഞാൽ പിന്നീടുള്ള കാലം ഒരു സാമന്തനായി സാമൂതിരിക്കു കപ്പം കൊടുത്തു രാജ്യം ഭരിക്കാമെന്നിരിക്കെ അതിനു വഴങ്ങാതെ താൻ ഉപാസിക്കുന്ന ദേവീവിഗ്രഹം പറമ്പിടി ഇല്ലത്തു കൊടുത്തു ചെങ്കോലും കിരീടവും ആടയാഭരണങ്ങളും ഇല്ലാതെ നനഞ്ഞ ഒരു വസ്ത്രം മാത്രം ഉടുത്തു കോലത്തുനാട്ടിലേക്കു അദ്ദേഹം യാത്ര തിരിച്ചു .
തന്ത്രം കൊണ്ട് ജയിച്ച സാമൂതിരി കൂടെ നിന്നവരെ സ്ഥാനങ്ങൾ കൊണ്ടും ഉപഹാരങ്ങൾകൊണ്ടും സന്തോഷിപ്പിച്ചു. വാഗ്ദാനപ്രകാരം കീഴുർ മേനോക്കിയെ പോലനാടിന്റെ നാടുവാഴിയാക്കി. പത്നി ചാലപ്പുറത്തമ്മക്ക് നാലകത്തൂട്ടമ്മ എന്ന സ്ഥാനവും മറ്റു പാരിതോഷികങ്ങളും നൽകി. പോളാർതിരിയുടെ ആഴ്ചവട്ടത്തെ കോവിലകത്തു അവരെ വാഴിക്കുകയും ചെയ്തു.
ഈ വിജയത്തോടെ ഏറനാട്ടിലെ നെടിയിരുപ്പുസ്വരൂപം ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള കോഴിക്കോട് പട്ടണത്തിനും , പോലനാടിനും, ഏറനാടിനും അധിപനായി .മലബാറിലെ വ്യാപാരത്തിന്റെ ഏറിയപങ്കും നിയന്ത്രിക്കുന്ന സാമ്പത്തികമായും സൈനികമായും വലിയ ശക്തിയായി മാറി . ഭാരതത്തിന്റെ വരെ ചരിത്രം മാറ്റിക്കുറിച്ച സംഭവങ്ങൾക്കു ഈ ഭരണം കാരണമായി . മഹാരാജാവായ സാമൂതിരിയുടെ അരിയിട്ടുവാഴ്ച ഗംഭീരമായി നടന്നു. ചടങ്ങിൽ കൂടെയുള്ളവരും കൂറുമാറിയവരും ഉറക്കെ വിളിച്ചു പറഞ്ഞു
"എന്റെ രാജാവ് സാമൂതിരി"
ആ ശബ്‌ദാരവങ്ങൾക്കിടയിൽ കുറച്ചുപേർ മാത്രം കേട്ടു
" എന്റെ രാജാവ് പോളാർതിരി , അല്ല സാമൂതിരി "
reference: Malabar manual - william logan
Kozhikodinte charithram – K.
Balakrishnakkuruppu
Keralolppathi
Jaathivyavasthithiyum Kerala
charithravum – P.K Balakrishnan
Kozhikodinte katha - MGS Narayanan
Comments
Post a Comment