Unexplored India! - സിതാബെങ്ക - ജോഗിമാര
കീർത്തിപ്രാഗത്ഭ്യസൗഭാഗ്യ വൈദഗ്ദ്ധ്യാനാം പ്രവർദ്ധനം ഔദാര്യസ്ഥൈര്യധൈര്യാണം വിലസസ്യ ച കാരണം ദുഃഖാർത്തിശോകനിർവ്വേദ ഖേദവിച്ഛേദകാരണംഅപി ബ്രഹ്മപരാനന്ദ ദിദ മഭ്യധികം മതംജഹാര നാരദദീനാം ചിത്താനി കാഥമന്യഥാ
( ഈ നാട്യം കീർത്തി , പ്രൗഢത , സൗഭാഗ്യം , എന്നിവയെ വർധിപ്പിക്കും : ഔദാര്യം സ്ഥിരത വിലാസം എന്നിവക്ക് കാരണമാണ് . ദുഃഖം ,ആർത്തി , ശോകം ,വെറുപ്പ് (നിർവേദം) എന്നിവയെ നശിപ്പിക്കും . ഇത് ബ്രഹ്മാനന്ദത്തെക്കാൾ കവിഞ്ഞതാണെന്നാണെന്നു വയ്പ് . അല്ലാതെ എങ്ങിനെയാണ് ഇത് നാരദമുനികളുടെപോലും മനസ്സിനെ ആകർഷിച്ചത് ?)
എത്ര മനോഹരമായാണ് ഇന്നത്തെ അവാർഡ് നിശകളിലെയും റിയാലിറ്റി ഷോകളിലെയും സ്റ്റേജുകളും സജ്ജീകരങ്ങളും സംവിധാനം ചെയ്തിരിക്കുന്നത് . ഓരോരുത്തർക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ എത്ര സാധ്യതകളാണ് ഇന്ന് തുറന്നുവച്ചിരിക്കുന്നതു !! ലോകം ഇത്രയും വികസിക്കുന്നതിനും മുൻപ് കലാകാരൻമാർ എങ്ങിനെയായിരിക്കും കലാപ്രകടനം നടത്തിയിരിക്കുക ? അവരുടെ വേദികൾ എങ്ങിനെയുള്ളതായിരിക്കും? ഏഷ്യയിലെ തന്നെ ഏറ്റവും പഴയ രംഗവേദികളിൽ ഒന്ന് ഇന്ത്യയിൽ ആണെന്ന് പറഞ്ഞാൽ അദ്‌ഭുദപ്പെടാനൊന്നുമില്ല. കാരണം ഭാരതത്തിൻറെ കല - സാംസ്‌കാരിക പാരമ്പര്യത്തിന് അത്രത്തോളം പഴക്കമുണ്ട് എന്നാൽ ആ രംഗവേദി ഇന്ന് കാണുന്ന തരത്തിലുള്ള എല്ലാ സജ്ജീകരണങ്ങളുമുള്ള ഒരു തീയേറ്റർ അല്ല , മറിച്ചു അതൊരു ഗുഹയാണ് !!!
ഛത്തീസ്‌ഗഢിലെ രാമ്ഗഡ് മലയിലാണ് സീതാബങ്ക , ജോഗിമാര എന്നീ ഗുഹകളുള്ളത്. 180 അടി നീളമുള്ളതുകൊണ്ടു ഒരു ആനക്ക് സഞ്ചരിക്കാം എന്ന അർത്ഥത്തിൽ ഹാത്തിപോൾ എന്നും വിളിക്കുന്നു. പുരാതനമായ ഈ ഗുഹകളാണ് ഒരുകാലത്തെ കലാ- സാഹിത്യ പ്രവർത്തനങ്ങൾക്കു സാക്ഷ്യം വഹിച്ചത് . BCE മൂന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ബ്രാഹ്മി ലിപിയിലുള്ള ശിലാലിഖിതങ്ങൾ ഇവിടെനിന്നും കണ്ടെടുത്തിയിട്ടുണ്ട്. പലതും ഇപ്പോഴും വ്യക്തമല്ല. ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയുടെ ആന്വൽ റിപ്പോർട്ട് 1903 -04 ഈ സ്ഥലത്തെ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്
“The Sitabenga cave on the Ramgarh hill evidently was not the not the adobe of pious ascetics void of all worldly attachments, but we may safely conclude that it was a place where poetry was recited, love songs were sung, and theatrical performances acted. In short we may look upon it as an Indian theater of the 3rd century BC”
തങ്ങളുടെ കവിതകളിലൂടെ മറ്റുള്ളവരുടെ ഹൃദയത്തെ ഉദ്ധീപിപ്പിച്ച കവികളെക്കുറിച്ചും , കേളികളും ക്രീഡകളും,സംഗീതവും സുലഭമായിരുന്ന വെളുത്ത വാവിലെ ഊഞ്ഞാലാഘോഷത്തിനു കഴുത്തിൽ മുല്ലമാലയും ധരിച്ചുനടക്കുന്ന ജനങ്ങളെക്കുറിച്ചും പറയുന്നതായി ലിഖിതങ്ങളിൽ നിന്നും വായിച്ചെടുക്കാം. 50 ഓളം ആൾക്കാർക്കിരിക്കാവുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്തു കരിങ്കൽ ഇരിപ്പിടങ്ങളും ഉണ്ട് . ഒരു കാലഘട്ടത്തിലെ മികച്ച ഒരു പെർഫോമൻസ് തീയേറ്റർ ആണിതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം .
അടുത്തുള്ള ജോഗിമാര ഗുഹകളിൽ നിന്നും അഞ്ചുവരി ലിഖിതങ്ങൾ ലഭിച്ചിട്ടുണ്ട്. അത് പ്രധാനമായും രണ്ടു തരത്തിലാണ് വ്യാഖ്യാനിക്കുന്നത്
" സുതാനുക എന്നുപേരായ ഒരു ദേവദാസി .യുവാക്കളിൽ കേമനായ ദേവാദ്ധിന എന്നുപേരുള്ള രൂപദാക്ഷൻ അവളെ പ്രണയിച്ചിരുന്നു. പിൽക്കാലങ്ങളിൽ ദേവദാസി എന്നപദം ക്ഷേത്രപാലികയെയാണ് സൂചിപ്പിച്ചിരുന്നത്.
മറ്റൊരു വ്യാഖ്യാനം ഇങ്ങനെയാണ് സുതാനുക എന്ന് പേരായ ദേവദാസി പെണ്കുട്ടികൾക്കുവേണ്ടിയാണ് ഈ വിശ്രമകേന്ദ്രം ഒരുക്കിയത് (ഒരുപക്ഷെ ഇവിടെ അരങ്ങേറിയ നാടകങ്ങളിലെ നായികമാർ ആയിരിക്കാം ) ചിത്രകലയിൽ വിദഗ്ദനായ ദേവാധിനാഎന്നുപേരുള്ള വ്യക്തിയാണ് , ഈ ഗുഹയിലെ ചിത്രപ്പണികൾ നിർവഹിച്ചത് '.
എന്തുതന്നെയായാലും ഇവർ രണ്ടുപേരും കഥാപാത്രങ്ങളായിരുന്നു അതോ യഥാർത്ഥ വ്യക്‌തികളായിരുന്നോ അല്ലെങ്കിൽ പ്രണയിതാക്കൾ ആയിരുന്നോ എന്ന് വ്യക്തമല്ല . ഇങ്ങനെ പേരറിയാത്ത ചരിത്രത്തിൽ അടയാളപ്പെടുത്താൻ മറന്നുപോയ എത്രയോ പേർ തങ്ങളുടെ കലാസൃഷ്ടികൾ അഭിമാനത്തോടെ ഇവിടെ അവതരിപ്പിച്ചിട്ടുണ്ടാകും , മഹത്തായ നാടകങ്ങളും , കലാരൂപങ്ങളും നിറഞ്ഞാടിയിട്ടുണ്ടാകും .അതിലും ഇരട്ടി കല - സാഹിത്യ സൃഷ്ടികൾ നഷ്ടപ്പെട്ടു പോയിട്ടുമുണ്ടാകാം ,അവക്കെല്ലാം സാക്ഷിയായ ഇവിടം
ഇന്ന് ഒരു സ്മാരകം സംരക്ഷിത സ്മാരകമായി സർക്കാർ സംരക്ഷിക്കുന്നു
- ശ്രീ -
Sources - Archaeological survey of India annual report 1903-04
A history of ancient and early medieval India - Upinder singh
picture credit: Archaeological survey of India annual report 1903-04
Comments
Post a Comment