കണ്ണ് തുറക്കുന്ന ദൈവങ്ങൾ
കണ്ണ് തുറക്കുന്ന ദൈവങ്ങൾ
'ദൈവങ്ങളാണ് മനുഷ്യരെ സൃഷ്ടിച്ചത് ,' ശ്രീകണ്ഠ സ്ഥപതി പറഞ്ഞു , പക്ഷെ ഇവിടെ ഞങ്ങൾ അത്രക്ക് അനുഗ്രഹീതരായതുകൊണ്ടു ഞങ്ങൾ സാധാരണ മനുഷ്യരാണ് ദൈവങ്ങളെ സൃഷ്ടിക്കാൻ സഹായിക്കുന്നത് '.
Nine Lives- William Dalrymple
ഒരുപാട് വിഗ്രഹങ്ങളിൽ പൂജ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ സൃഷ്ടി ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ചോളകാലത്തെ ശില്പവിദ്യയുടെ കേന്ദ്രമായ സ്വാമിമലയെയും അവിടുത്തെ സ്ഥപതിമാരെയും കാണണമെന്ന് അത് വായിച്ചപ്പോൾ ഉള്ള ആഗ്രഹമായിരുന്നു. മെഴുകു പ്രതിമയുണ്ടാക്കി കാവേരി തടത്തിലെ മണ്ണുകൊണ്ടുമൂടി ഉണക്കി മെഴുകുരുക്കി പുറത്തുകളഞ്ഞു പഞ്ചലോഹം ഉരുക്കി നിറച്ചു വിഗ്രങ്ങൾ ഉണ്ടാക്കുന്ന ചോളവിദ്യ വളരെ അദ്‌ഭുദങ്ങൾ നിറഞ്ഞതാണെന്ന് കേട്ടിട്ടുണ്ട്. തമിഴ്നാട് യാത്രക്കിടയിൽ വൈത്തീശ്വരത്തേക്കു പോകേണ്ട ഞാൻ കുംഭകോണത്തിറങ്ങിയപ്പോഴാണ് വീണ്ടും സ്വാമിമലയെപറ്റി ഓർമ്മവന്നത്. പ്ലാൻ മാറ്റി നേരെ അങ്ങോട്ട് ബസ് കയറി. ശ്രീകണ്ഠ സ്ഥപതിയെ കാണുകയെന്നതും ഒരു ലക്ഷ്യമായിരുന്നു . പകുതി വഴിയേ ബസ് കിട്ടിയുള്ളൂ ബാക്കി ഒരു ബൈക്കിനു കൈകാണിച്ചു . ഭാഗ്യത്തിന് അയാൾ സ്വാമിമലക്കു തന്നെ ആയിരുന്നു. ഞാൻ അയാളോട് ചോദിച്ചു
" ഇവിടെ വിഗ്രഹങ്ങൾ നിർമ്മിക്കുന്നവരുടെ വീട് എവിടെയാണ് ? അവരുമായി സംസാരിക്കാൻ കഴിയുമോ ?"
" അതിനുമാത്രം വലുതായൊന്നും ഇവിടെ നിർമ്മിക്കുന്നില്ല , അതെല്ലാം കാണണമെങ്കിൽ ഗ്രാമത്തിനു വെളിയിൽ പോകണം "
അവന്റെ ഉത്തരം എന്നെ ഞെട്ടിച്ചു .എന്നെ ക്ഷേത്രത്തിനു മുൻപിൽ ഇറക്കി അവൻ പോയി . നേരെ റൂം എടുത്തു കുറെ നേരം ആലോചിച്ചു 'ദൈവമേ വന്നത് വെറുതെയാകുമോ ?
'
കുളിയെല്ലാം കഴിഞ്ഞു ഒന്ന് വെറുതെ നടക്കാൻ ഇറങ്ങുമ്പോൾ ഹോട്ടൽ റിസപ്ഷനിൽ ചോദിച്ചപ്പോഴും ഉത്തരത്തിനു വലിയ വ്യത്യാസമൊന്നുമുണ്ടായില്ല
" ഇവിടെയെവിടെയൊക്കെയോ ഉണ്ട് , നേരിട്ടറിയില്ല'
എന്തായാലും വെറുതെ ഒന്ന് പുറത്തു അന്വേഷിച്ചു നോക്കാം എന്ന് കരുതി അമ്പലത്തിനു മുൻപിലെ തെരുവിലൂടെ നടന്നു . എല്ലാ നാട്ടിലെയും ഗൂഗിൾ അവിടുത്തെ ചായക്കടയായിരിക്കുമല്ലോ അതുകൊണ്ട് ആദ്യം കണ്ട ടി ഷോപ്പിൽ കയറി. അയാളോട് ചോദിച്ചപ്പോൽ ഒരു ESSAY പറഞ്ഞു തന്നു , സത്യം പറഞ്ഞാൽ നേരെ പോയി ഇടത്തോട്ട് എന്നല്ലാതെ വേറെ ഒരക്ഷരം എനിക്ക് മനസ്സിലായില്ല. അങ്ങനെ ചോദിച്ചു ചോദിച്ചു കടകളൊന്നുമില്ലാത്ത വിജനമായ ഒരു സ്ഥലത്തെത്തി, ആരെയും കാണാത്തതുകൊണ്ട് അടുത്ത് കണ്ട വലിയൊരു ഗെയ്റ്റിൽ മുട്ടി .അകത്തു നിന്നും ചാണകത്തിന്റെ ഗന്ധവും പശുവിന്റെ കരച്ചിലും കേൾക്കാമായിരുന്നു മുഷിഞ്ഞ ബനിയൻ ഇട്ട ഒരാൾ പുറത്തു വന്നു . ഞാൻ അയാളോട് ചോദിച്ചു
''ഇവിടെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത് എവിടെയാണ് ?'
അകത്തേക്ക് വരാൻ ആഗ്യം കാണിച്ചു .ഇത് പശു ഫാം അല്ലെ എന്ന ധാരണയിൽ അകത്തു കയറിയപ്പോൾ ഒരു ഭാഗത്തു നിറയെ പശുക്കള് , മറ്റൊരു ഭാഗത്തു മണ്ണുകൊണ്ടുള്ള വലിയ പ്രതിമകളുമാണ് കണ്ടത് .അതും കടന്നു ചെന്നപ്പോഴാണ് വീടിനു ചേർന്നുള്ള വലിയൊരു പണിശാലയും അവിടെ നിറയെ പഞ്ചലോഹ വിഗ്രഹങ്ങളും അതുണ്ടാക്കുന്നവരെയും കണ്ടത്. ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു
" എനിക്ക് ഉള്ളിൽ കയറി ഇതെല്ലാം കാണാൻ കഴിയുമോ ?'
അദ്ദേഹം ചുവന്ന ഷർട്ടിട്ട ഒരു ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു
' അയാളോട് ചോദിക്കു, സമ്മതിച്ചാൽ കയറി നോക്കാം "
ഞാൻ ചെരുപ്പെല്ലാം പുറത്തു വച്ച് അവിടെ വിഗ്രഹത്തിനു മിനുക്കുപണി നടത്തിക്കൊണ്ടിരിക്കുന്ന ചുവന്ന ഷർട്ടുകാരനോട് ചോദിച്ചു
" ചേട്ടാ ഞാൻ കേരളത്തിൽ നിന്നും വിഗ്രഹനിര്മാണം കാണാൻ വേണ്ടി വരികയാണ് , എനിക്ക് അകത്തു കയറി കാണാമോ ?'
തീരെ താല്പര്യമില്ലാതെ അയാൾ എന്നെ നോക്കി പറഞ്ഞു
"ശരി"
പണിശാലക്കുള്ളിൽ അഞ്ചു പേരോളം പണിയെടുക്കുന്നുണ്ട് , പലരൂപത്തിലുള്ള മനോഹരങ്ങളായ വിഗ്രഹങ്ങൾ. നിർമാണത്തിന്റെ പല ഘട്ടങ്ങൾ അവിടെ കാണാൻ കഴിയും . പക്ഷെ പറഞ്ഞു താരം ആർക്കും താല്പര്യം ഇല്ലാത്തതുപോലെ തോന്നി , എല്ലാവരും തിരക്കിലാണ് . എല്ലാവരെയും നോക്കിക്കൊണ്ടു ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോൾ ജോലിക്കാരിൽ ആദ്യം ഇരിക്കുന്ന വൃദ്ധനായ ഒരാൾ കൈകൂപ്പിക്കൊണ്ട് വരാൻ പറഞ്ഞു . ഞാൻ അദ്ദേഹത്തെ തൊഴുതുകൊണ്ടു മുന്നിൽ ഇരുന്നു . അദ്ദേഹത്തിന്റെ മുൻപിൽ തുണികൊണ്ടു മൂടിവെച്ചിരുന്ന വിഗ്രഹത്തിന്റെ മെഴുകു പ്രതിമ കാണിച്ചു തന്നു . വീഡീയോ എടുക്കട്ടെയെന്നു ചോദിച്ചു , അയാൾ തലകുലുക്കി. അയാളുടെ ചിരി ഒരു കൊച്ചു കുട്ടിയുടേതുപോലെ മനോഹരവും നിഷ്കളങ്കവുമായിരുന്നു. അദ്ദേഹം തിടുക്കത്തിൽ ഓരോന്നായി പറയുന്നുണ്ടായിരുന്നു പക്ഷെ ശബ്ദമില്ല , ഞാൻ പലതും ചോദിക്കുന്നുണ്ടായിരുന്നു അയാൾ കേട്ട ഭാവവുമില്ല , അപ്പോൾ പിന്നിൽ നിന്നും ഒരു പണിക്കാരൻ വന്നു എന്റെ ചെവിയിൽ പറഞ്ഞു
" അയാൾക്ക് ചെവി കേൾക്കില്ല , സംസാരിക്കാനും കുറച്ചേ പറ്റൂ '
എനിക്ക് വല്ലാത്തൊരു വിഷമം തോന്നി . ഇതൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം അളവുകളും പ്രത്യേകതകളും , നിർമാണത്തെപ്പറ്റിയും എല്ലാം ആത്മാർഥമായി പറഞ്ഞുകൊണ്ടേയിരിക്കുകയാണ് . ഇടയ്ക്കിടയ്ക്ക് എന്റെ മുഖത്തുനോക്കി മനസ്സിലായില്ലേ എന്ന് ചോദ്യഭാവത്തിൽ തലയാട്ടുന്നുണ്ട് , മനസ്സിലായെന്നു ഞാനും തലകുലുക്കി. അയാളുടെ പറഞ്ഞുതരാനുള്ള വ്യഗ്രതയും അതിനു കഴിയാത്തതിനുള്ള നിസ്സഹായതയും , ഇടക്കിടക്കുള്ള ചിരിയും എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു . ക്യാമറയിൽ ശ്രദ്ധിക്കാതെ അദ്ദേഹം പറയുന്നത് മനസ്സിലാക്കാൻ ശ്രമിച്ചു . കുറച്ചു സമയത്തെ പ്രയത്നത്തിനുശേഷം അദ്ദേഹം ഒന്നുകൂടി ചിരിച്ചുകൊണ്ട് പുതിയൊരു വിഗ്രഹം കൈയിലെടുത്തു, ഒരു ധ്യാനത്തിന്റെ ഇടവേളയിൽ നിന്നും വീണ്ടും ധ്യാനത്തിലേക്കെന്നപോലെ ജോലിയിൽ മുഴുകി.
ഞാൻ പതുക്കെ അവിടെ നിന്നും പുറത്തേക്കിറങ്ങി തൊട്ടടുത്ത് മറ്റൊരു പണിശാല കണ്ടു അങ്ങോട്ട് കയറി . അവിടെ അരമേശയിൽ മെഴുകു വിഗ്രങ്ങൾ ചെയ്യുന്ന സുമുഖനായ ആളോട് വന്നതിന്റെ ഉദ്ദേശം പറഞ്ഞു . അയാൾ നല്ല രീതിയിൽ സംസാരിക്കാൻ തുടങ്ങി .രാധാകൃഷ്ണ സ്ഥപതി എന്നായിരുന്നു അദ്ദേഹത്തിനെ പേര് , വിഗ്രഹനിര്മാണത്തിന്റെ പലഘട്ടങ്ങളെ കുറിച്ചും , നിർമാണ രീതിയെക്കുറിച്ചുമെല്ലാം വിശദീകരിച്ചു . അദ്ദേഹത്തിന്റെ മുറി നിറയെ പ്രശസ്തരുടെ കൂടെ നിന്നുള്ള ചിത്രങ്ങളായിരുന്നു. പിറ്റേന്ന് രാവിലെ വന്നാൽ മെഴുകിൽ പ്രതിമചെയ്യുന്നതു നേരിട്ടു കാണിച്ചു തരാം എന്ന് പറഞ്ഞു. പോരുമ്പോൾ അദ്ദേഹത്തിന്റെ വിസിറ്റിംഗ് കാർഡ് തന്നു. റൂമിലെത്തിയിട്ടാണ് ഞാൻ അത് വായിച്ചതു അതിലെ, പേരുകൾ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി , അതിങ്ങനെയായിരുന്നു രാധാകൃഷ്ണ സ്ഥപതി, ശ്രീകണ്ഠ സ്ഥപതി, സ്വാമിനാഥ സ്ഥപതി . ഞാൻ തേടി വന്ന ആളുടെ വീട്ടിൽ ഇരുന്നാണ് അതുവരെ സംസാരിച്ചത് . വല്ലാത്തൊരു സംതൃപ്തിയിൽ ആയിരുന്നു സ്വാമിമലയിൽനിന്നും മടങ്ങിയത് .
Comments
Post a Comment