നിധി ചാല സുഖമാ ..

 

നിധി ചാല സുഖമാ ....



                               “രാമ രാമ നിവാരമു” എന്ന ത്യാഗരാജകൃതി കേട്ടുകൊണ്ടായിരുന്നു തിരുവയ്യാറിലേക്കുള്ള യാത്ര. ഏതുതരം സംഗീതാസ്വാദകരെയും ആകർഷിക്കുന്ന ഒരു വശ്യത കൃതിക്കുണ്ടെന്നു തോന്നിയിട്ടുണ്ട്. അതുകൊണ്ടാകണം അതുവരെ സിനിമാഗാനം മാത്രം കേട്ടുകൊണ്ടിരുന്നവർ വരെ എതിർത്തൊന്നും പറയാതിരുന്നത്. കാവേരി, കൊള്ളിടം, വെണ്ണാർ, വെട്ടാർ , കുടമുറുതിയാർ തുടങ്ങി അഞ്ചു നദികളാൽ സമൃദ്ധവും, തഞ്ചാവൂർ ശില്പകലയുടെ ഗാംഭീര്യമുള്ള പഞ്ചനദീശ്വര ക്ഷേത്രത്താൽ പ്രസിദ്ധവുമായ തിരുവയ്യാറിലേക്കുള്ള യാത്ര സത്യത്തിൽ ഇതൊന്നും കാണാൻ വേണ്ടിയായിരുന്നില്ല. കർണാടക സംഗീതത്തിലെ കുലപതിയായ ത്യാഗരാജ സ്വാമികളുടെ സമാധി മണ്ഡപം കാണുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു. അതുവരെയുള്ള യാത്രയിൽ മഹനിര്മിതികളും ,ക്ഷേത്രങ്ങളും മാത്രം കണ്ട കൂടെയുള്ളവർ ചെറിയ സ്ഥലം എങ്ങിനെ ആസ്വദിക്കും എന്നൊരു ഭയം ഉള്ളിൽ ഉണ്ടായിരുന്നു. മഹാഗായകൻ നടന്ന വഴികളിലൂടെ നടക്കാനും , സമാധിമണ്ഡപത്തിൽ കുറച്ചു സമയം ചിലവഴിക്കാനുമുള്ള ആഗ്രഹത്തിനുമുന്പിൽ അതെല്ലാം മാറിപ്പോയി.

             1767 - തിരുവാരൂരിൽ ജനിച്ച സ്വാമികൾ പിന്നീട് ജീവിച്ചതും സമാധി പുല്കിയതുമെല്ലാം തിരുവയ്യാറിലാണ്. സംഗീതപ്രേമികളുടെ തീർത്ഥാടന കേന്ദ്രമായാണ് ഇവിടം അറിയപ്പെടുന്നത്. ഒരു തമിഴ്നാടൻ ഗ്രാമത്തിന്റെ എല്ലാ ഭാവങ്ങളുമുള്ള ഇവിടുത്തെ തെരുവുകളിലൂടെയാണ് ഭിക്ഷാംദേഹിയായി സ്വാമി സംഗീത സപര്യ നടത്തിയത്. കാവേരിയാറിനെക്കാൾ നൈര്മല്യത്തിൽ ത്യാഗരാജ സംഗീതം ഒഴുകിയ തിരുമഞ്ജനവീഥിയിൽ അന്ന് കേൾവിക്കാരായി മഹാരാജാക്കന്മാർ വരെയുണ്ടായിരുന്നു. കൊട്ടാരബഹുമതികളെല്ലാം തിരസ്കരിച്, കുടുംബത്തോടും ദാരിദ്ര്യത്തോടും കലഹിച്ചു , ശ്രീരാമനെയല്ലാതെ മറ്റാരെയും സ്തുതിക്കുകയില്ല എന്ന് ശപഥം ചെയ്തു അന്നന്നത്തെ അന്നത്തിനായി സ്വാമികൾ ഭിക്ഷയെടുത്തു നടന്നത് തെരുവീഥികളിലൂടെയായിരുന്നു .

                        സ്വാമികളുടെ സമാധിമണ്ഡപത്തിലേക്കെത്തുമ്പോൾ 11 മണിയായിരുന്നു. ഉച്ചയായതിനാലായിരിക്കണം അവിടം വിജനമായിരുന്നു .ആദ്യം ഞങ്ങൾ നദീതീരത്തേക്കുപോയി കുറച്ചു ഫോട്ടോസ് എടുത്തു. നല്ല വെയിലിൽ നിന്നും മണ്ഡപത്തിലേക്ക് കയറുമ്പോൾ ശ്രീകോവിലിനുമുന്പിൽ ഒരു കഷായധാരി മാത്രമാണുണ്ടായിരുന്നത്. അടുത്തേക്കെത്തുന്തോറും അദ്ദേഹം വളരെ ചെറിയ ശബ്ദത്തിൽ ഏതോ ഒരു കീർത്തനം ആലപിക്കുകയാണെന്നു മനസ്സിലായി  . മണ്ഡപത്തിനകത്തെ തണുപ്പും , കീർത്തനവും ഒരു പ്രത്യേക അനുഭവമായിരുന്നു. ഞങ്ങൾ എല്ലാവരും അടുത്തേക്കിരുന്നു.  പാടുന്നതിനിടയിൽ അദ്ദേഹം  ഞങ്ങളെ നോക്കി  ഹൃദ്യമായി ഒന്നുചിരിച്ചുകൊണ്ടു കണ്ണുകളടച്ചു വീടും ഗാനത്തിൽ മുഴുകി. ആലാപനത്തിന്റെ ഭംഗിയേക്കാൾ വൃദ്ധസന്യാസിയുടെ ഭക്തിയും , അർപ്പണവും എന്നെ വല്ലാതെ ആകർഷിച്ചു. പാടി മുഴുവിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് കുറച്ചുസമയം കൂടി അവിടെ ഇരിക്കണമെന്ന് തോന്നി .പക്ഷെ സമയക്കുറവുമൂലം എല്ലാവരും എഴുന്നേറ്റു  . ദൈവീകമായൊരു  അനുഭവം തന്നതിന് ഞാൻ അദ്ദേഹത്തെ നമസ്കരിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് ഞങ്ങളെയെല്ലാവരെയും അനുഗ്രഹിച്ചു .കൂടെയുള്ള ഒരാൾ സാന്യാസിയുടെ മുൻപിൽ ദക്ഷിണവെക്കാൻ ശ്രമിച്ചപ്പോൾ നിറഞ്ഞ ചിരിയോടെ വേണ്ട തിരിച്ചെടുക്കാൻ ആംഗ്യം കാണിച്ചു. ത്യാഗരാജ സമാധിയിൽ വീണ്ടും വണങ്ങി തിരിച്ചിറങ്ങുമ്പോൾ അദ്ദേഹം അടുത്ത കീർത്തനം ചൊല്ലിത്തുടങ്ങിയിരുന്നു. വഴിയിലുടനീളം പണത്തിനു അത്യാർത്തികാണിക്കുന്ന കാഷായ വസ്ത്രധാരികളെ മാത്രംകണ്ട അവർക്കു ഇതൊരു പുതിയ അനുഭവമായിരുന്നു. പക്ഷെ എനിക്ക് അദ്ഭുദമൊന്നും തോന്നിയില്ല ' കടുത്ത ദാരിദ്ര്യത്തിലും മറാത്താ രാജാവ് സെർഫോജിയുടെ കൊട്ടാരം ഗായകനാകാനുള്ള ക്ഷണം നിരസിച്ച, എല്ലാവരുടെയും പരിഹാസങ്ങൾ കേൾക്കേണ്ടിവന്നപ്പോൾ "നിധി ചാല സുഖമാ "(സമ്പത്തു സുഖം തരുമോ ?) എന്ന് പാടിയ മഹായോഗിയെ ഉപാസിക്കുന്ന ഒരാൾക്ക് ഇങ്ങനെപെരുമാറാനെ കഴിയൂ . യാത്രയിലെ ഏറ്റവും മനോഹര നിമിഷങ്ങളായിരുന്നു തിരുവയ്യാറിലേതെന്ന സന്തോഷത്തോടെ ഞങ്ങൾ മടങ്ങി . 

Comments

Popular posts from this blog

കണ്ണ് തുറക്കുന്ന ദൈവങ്ങൾ

സാമൂതിരി കോളേജ്