ജ്ഞാനം തത്വാർഥ സംബോധ: ശമശ്ചിത്ത പ്രശാന്തതാ
ജ്ഞാനം
തത്വാർഥ സംബോധ:
ശമശ്ചിത്ത പ്രശാന്തതാ
ബുദ്ധ്യാ ഭയം പ്രണുദതി തപസാ വിന്ദതേ മഹത്
ഗുരുശുശ്രുഷയാ ജ്ഞാനം ശാന്തിം ത്യാഗേന വിന്ദതി
(വിദുരനീതി -50 )
ബുദ്ധി ( അറിവ് ) കൊണ്ട് ഭയമകലുന്നു. തപസ്സുകൊണ്ടു മഹത്തായതു ലഭിക്കുന്നു. ഗുരുശുശ്രുഷകൊണ്ട് ജ്ഞാനവും , ത്യാഗത്തിലൂടെ ശാന്തിയും ലഭിക്കുന്നു.
വൈഷ്ണവമതം രൂപപ്പെടുത്തിയെടുക്കുന്നതിൽ ശ്രീരംഗത്തിനും , രാമാനുജാചാര്യനും നൽകിയ സംഭാവനകൾ ചെറുതല്ല. എല്ലാ സിദ്ധാന്തങ്ങളും ശക്തിപ്പെടുന്നതു ഒരുപാടു പേരുടെ ജ്ഞാനം കൊണ്ടും , ത്യാഗങ്ങൾ കൊണ്ടുമാണ്. വിശ്യാസങ്ങൾക്കു വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോൾ അത് സംരക്ഷിക്കാൻ ചിലർ വലിയ ത്യാഗങ്ങൾ ചെയ്യാറുണ്ട് . ശ്രീരംഗത്തെത്തുമ്പോൾ നമ്മൾ ഓർക്കേണ്ട രണ്ടു പേരാണ് ശ്രീ കുരേശൻ എന്ന കൂരത്തൽവാറും പെരിയ നമ്പി മഹാപൂർണയും. സ്വന്തം ജീവൻ പണയപ്പെടുത്തി രാമാനുജാചാര്യനെയും, വൈഷ്ണവ മതത്തെയും ഒരിക്കൽ സംരക്ഷിച്ചത് അവരാണ്.
വര്ഷങ്ങള്ക്കു ശേഷം മേൽക്കോട്ടയിൽ നിന്നും ശ്രീരംഗത്തേക്കു തിരിച്ചുവന്ന രാമാനുജാചാര്യൻ കാണുന്നത് കണ്ണുകളില്ലാതെ തന്നെ സ്വീകരിക്കാനെത്തിയ പ്രിയ ശിഷ്യനായ കൂരതൽവരെയാണ്. പ്രിയശിഷ്യൻ തനിക്കുവേണ്ടി സ്വയം വരിച്ച ശിക്ഷകണ്ടു അദ്ദേഹത്തിന് അഗാധമായ ദുഃഖം തോന്നി. ദ്വിഗ്വിജയത്തിനായി പുറപ്പെട്ട ആചാര്യനെ ധർമചർച്ചക്കായി തന്റെ കൊട്ടാരത്തിലേക്കു ശൈവ ഭക്തനായ കുലോത്തുങ്ക ചോളൻ വിളിപ്പിച്ചപ്പോൾ ഇത്രയും വലിയ ശിക്ഷ പ്രതീക്ഷിച്ചില്ല. അപ്പോഴും ഗുരുവിനെ സംരക്ഷിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തി കൂരത്തൽവാറിലുണ്ടായിരുന്നു .
രാമാനുജാചാര്യന്റെ പ്രശസ്തി ഭാരതം മുഴുവൻ പ്രചരിച്ചത് വളരെ പെട്ടന്നായിരുന്നു. വൈഷ്ണമതം ഒരു വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് കുലോത്തുംങ്ക ചോളൻ ചോളരാജ്യം ഭരിച്ചുകൊണ്ടിരുന്നത്. പൂർണ ശിവഭക്തനായ രാജാവ് ധർമചർച്ച നടത്താനായി രാമാനുജാചാര്യനെ തന്റെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. ചർച്ചകളിലൂടെയും, സംവാദങ്ങളിലൂടെയും പല മഹാന്മാരെയും വൈഷ്ണവ അനുയായിമാരാക്കിമാറ്റിയ ആചാര്യന് അതൊരവസരമായാണ് തോന്നിയത്. തർക്കത്തിൽ വിജയിച്ചാൽ ചോളരാജ്യം മുഴുവൻ തന്റെ പാതയിലേക്ക് കൊണ്ടുവരാം , എന്നാൽ ബ്രഹ്മസൂത്രം മുഴുവൻ ഒറ്റവായനയിൽ ഹൃദിസ്ഥമാക്കിയ കുരേശനു ഈ ക്ഷണത്തിൽ ഒരപായസൂചന തോന്നി. ആചാര്യന് പകരം തൻ ചർച്ചയിൽ പങ്കെടുത്തുകൊള്ളാം എന്നഭ്യർത്ഥിച്ചു. ശിഷ്യന്റെ കഴിവിലും, സാമർഥ്യത്തിലും ഗുരുവിനു പൂർണ വിശ്യാസമായിരുന്നു. തന്റെ ചർച്ചകളിലും, സാഹിത്യങ്ങളിലും കൂരത്തൽവാറിന്റെ സംഭാവനകൾ അത്രമേൽ വിലപ്പെട്ടതായിരുന്നു.
രാമാനുജാചാര്യന്റെ അതേ വേഷവിധാനത്തോടെയായിരുന്നു കൂരത്തൽവാർ പുറപ്പെട്ടത്. കൂടെ ജ്ഞാനവൃദ്ധനായ പെരിയ നമ്പിയും ഒരുങ്ങി. അനുഗ്രഹത്തിനായി കാത്തുനിന്ന അവരെ വിജയത്തിൽ കുറഞ്ഞതൊന്നും സംഭവിക്കില്ല എന്നുറപ്പുള്ള ആചാര്യൻ അനുഗ്രഹിച്ചുവിട്ടു. രാമാനുജാചാര്യനാണെന്ന ധാരണയിൽ ചോളരാജാവ് അവരെ സ്വീകരിച്ചു സദസ്സിലേക്കാനയിച്ചു. സംവാദത്തിനായി ശൈവപണ്ഡിതന്മാർ രാജസദസ്സിൽ കാത്തുനിൽക്കുകയായിരുന്നു. മഹാരാജാവ് വിജയിച്ചാൽ വൈഷ്ണവമതത്തിന്റെ അടിവേര് പറിച്ചുകളയാം എന്ന കണക്കുകൂട്ടലിൽ രാജാവ്സംവാദമാരംഭിക്കാൻ ഉത്തരവിട്ടു. എന്നാൽ തർക്കം തുടങ്ങി വൈകാതെ തന്നെ വൈഷ്ണവ പണ്ഡിതന്മാരെ തോൽപ്പിക്കുക ഏതാണ്ട് അസാധ്യമാണെന്ന് മനസ്സിലായി . അപാരമായ അറിവും, പാണ്ഡിത്യവുംകൊണ്ട് കൂരത്തൽവാറും പെരിയനമ്പിയും ശൈവപണ്ഡിതന്മാരെ എല്ലാമേഖലകളിലും തോൽപ്പിച്ചു മുന്നേറികൊണ്ടിരുന്നു . വിജയത്തിൽ പരാജയമെന്നപോലെ അവസഘട്ടമെത്തുമ്പോഴേക്കും അവരുടെ ദൗർഭാഗ്യവും സംഭവിച്ചു . ഒരു ചെറിയ നുണ അവരുടെ വിജയങ്ങൾക്കു മുകളിൽ കാർമേഘങ്ങൾ പോലെ വന്ന് നിറഞ്ഞു .
സംവാദത്തിന്റെ അവസാനഘട്ടമെത്തുമ്പോഴേക്കും അവർ തങ്ങളുടെ അപ്രമാദിത്യം തെളിയിച്ചിരുന്നു. അവരുടെ നിർഭാഗ്യമെന്നു പറയട്ടെ രാജസദസ്സിലെ ഒരാൾ രാമാനുജാചാര്യനെ മുൻപേ കണ്ടിരുന്നു. അവൾ ഈ ചതി രാജാവിനെ അറിയിച്ചു. പരാജയപ്പെടാൻ പോകുന്നതിന്റെ നിരാശയും, വഞ്ചനയും കൂടിയായപ്പോൾ രാജാവിന് കോപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തന്നോട് കാണിച്ച വഞ്ചനക്കു ശിക്ഷയായി ആവശ്യപ്പെട്ടത് ഭഗവാൻ ശിവനാണ് പരമമായ ഗുരുവും ദൈവവുമെന്നും , ശൈവമതമാണ് ശരിയായമാർഗമെന്നും അംഗീകരിച്ചു എഴുതിക്കൊടുക്കാനാണ് .വൈഷ്ണവ പണ്ഡിതരെ സംബന്ധിച്ചു അത് മരണത്തേക്കാൾ വലിയ ശിക്ഷയായിരുന്നു. നിര്ഭയനായി കൂരത്തൽവാർ രാജാവിനോടായി പറഞ്ഞു " ദ്രോണാചാര്യനാണ് ഏറ്റവും വലിയ ഗുരുവെന്ന് ആർക്കാണറിയാത്തത് ". ഇതുകേട്ട ചോളരാജാവിന്റെ കോപം അനിയന്ത്രിതമായി. അവരുടെ രണ്ടുപേരുടെയും കണ്ണുകൾ ചൂഴ്ന്നെടുക്കുവാൻ ഉത്തരവിട്ടു. " ചതിയനായ നിങ്ങളെ കണ്ട എന്റെ കണ്ണുകൾക്ക് ഇനി എന്റെ ആചാര്യനെ കാണുവാനുള്ള യോഗ്യതയില്ല " എന്ന് പറഞ്ഞു കൂരത്തൽവാർ തന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു രാജാവിന്റെ മുൻപിലേക്ക് വച്ചു. വൃദ്ധനായ പെരിയനമ്പി മഹാപൂർണയുടെ കണ്ണുകൾ ക്രൂരമായി എടുക്കപ്പെട്ടു . കള്ളം പറഞ്ഞു രാജാവിനെ വഞ്ചിച്ചതിനാൽ രാജാവിന്റെ പക്ഷത്താണോ അതോ ഗുരുവിനെ സംരക്ഷിച്ചു വൈഷ്ണവപാത ശക്തിപ്പെടുത്താൻ ചെറിയൊരു നുണ പറഞ്ഞ വൈഷ്ണവ പണ്ഡിതന്മാരുടെ പക്ഷത്താണോ ന്യായം എന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു . ധർമം ജയിക്കാൻ കള്ളം പറഞ്ഞു ദ്രോണാചാര്യരെ വധിച്ച കൃഷണപക്ഷത്തെ സംബന്ധിച്ചു അതൊരു അധാർമിക പ്രവർത്തിയേ അല്ലായിരുന്നു.
വിജയവും പരാജയവും ഒരുമിച്ചു രുചിച്ച മടക്കയാത്രയിൽ വേദന സഹിക്കാൻ കഴിയാതെ പെരിയ നമ്പി ദാരുണമായി മരണത്തിനു കീഴടങ്ങി. ശിഷ്യനായ തന്നോട് കൂടെ ജയിക്കാൻ കഴിയാത്ത രാജാവ് ഇതൊരവസരമായി മുതലെടുത്തു തന്റെ ആചാര്യനെയും വധിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞ കൂരത്തൽവാർ ഉടനെ ശ്രീരംഗത്തേക്കു അപായ സന്ദേശമയച്ചു. അപായ സൂചന ലഭിച്ച ഉടനെ രാമാനുജാചാര്യൻ തന്റെ ശിഷ്യന്മാരോടൊപ്പം ചോളരാജ്യം ഉപേക്ഷിച്ചു ഹൊയ്സാല ദേശത്തേക്കു രക്ഷപ്പെട്ടു. തന്റെ ബുദ്ധിയും, ഗുരുഭക്തിയും വീടും തെളിയിച്ചുകൊണ്ട് കൂരത്തൽവാർ മധുരക്കടുത്തു തിരുമേലിരുണ്ചോലയിൽ അഭയം പ്രാപിച്ചു. ഇന്നുംകൂരത്തൽവാർ ഒരു വീരപുരുഷനായി തമിഴ്നാട്ടിലും വൈഷ്ണവരുടെ ഇടയിലും ആരാധിച്ചുവരുന്നു
Comments
Post a Comment